തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി സഖാവ് പി ശശി മുതൽ താഴേക്ക് നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ കാര്യങ്ങൾ നോക്കാൻ മാത്രം സംസ്ഥാനത്തുള്ളത്. ഇവർക്ക് പൊതുഖജനാവിൽ നിന്ന് ചെലവാക്കുന്നത് കോടിക്കണക്കിന് രൂപയും. ഇതൊന്നും കൂടാതെയാമ് സ്വകാര്യ പബ്ലിക് റിലേഷൻ കമ്പനിയാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾ തീരുമാനിക്കുന്നതെന്ന വിവരം തെളിവടക്കം പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പി.ആർ ഏജൻസി കെയ്‌സന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. മലയാളിയായ നിഖിൽ പവിത്രനാണ് സി.ഇ.ഒ. മുഖ്യമന്ത്രിയുടെ വിവാദമായ മലപ്പുറം അഭിമുഖം എടുക്കാൻ ദി ഹിന്ദുവിനെ ബന്ധപ്പെട്ടത് ഈ പി.ആർ ഏജൻസി ആയിരുന്നു.
സെപ്റ്റംബർ 29 ന് കേരള ഹൗസിലായിരുന്നു അഭിമുഖം. മുഖ്യമന്ത്രിയോടൊപ്പം പി.ആർ ഏജൻസിയുടെ 2 പ്രതിനിധികളും പങ്കെടുത്തിരുന്നു. മലപ്പുറത്തെ ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കടത്ത് പരാമർശം ഈ പി.ആർ ഏജൻസികളുടെ സംഭാവന ആണെന്നാണ് ഹിന്ദുവിന്റെ വിശദീകരണം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട പരമ്പരാഗത വോട്ടുകൾ ആകർഷിക്കാൻ പി.ആർ ഏജൻസിയെ ബോധപൂർവ്വം ഉപയോഗിക്കുകയായിരുന്നു മുഖ്യമന്ത്രിയും സംഘവും. മലപ്പുറം പരാമർശം വിവാദമായതോടെയാണ് ഹിന്ദു പത്രത്തെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്.
പിണറായിയുടെ പി.ആർ ഭ്രമം പണ്ടേതന്നെ പ്രസിദ്ധമാണ്. ഖജനാവിൽ നിന്ന് പണം വാരിയെറിയാൻ ഇതിന് ഒരു മടിയും പിണറായിക്കില്ല. മുൻ മുഖ്യമന്ത്രിമാർ പി.ആർ.ഡിയെ ആണ് പി.ആർ പരിപാടിക്ക് ഉപയോഗിച്ചിരുന്നത്. 243 ജീവനക്കാരാണ് പി.ആർ.ഡിയിൽ ഉള്ളത്. ഇത്രയും തന്നെ ദിവസ വേതനക്കാരും പി.ആർ.ഡിയിൽ ഉണ്ട്.
108.83 കോടി രൂപയാണ് ഒരു വർഷത്തെ പി.ആർ.ഡിയുടെ ചെലവ്. മുഖ്യമന്ത്രിക്ക് താൽപര്യമില്ലാത്തത് കൊണ്ട് പി ആർ.ഡിയുടെ ജോലി പോസ്റ്റ് മാന്റേതും. ഇത് കൂടാതെ 12 അംഗ സോഷ്യൽ മീഡിയ ടീം മുഖ്യമന്ത്രിക്കുണ്ട്.
82 ലക്ഷം രൂപയാണ് ഒരു വർഷം ഇവർക്ക് ശമ്പളം കൊടുക്കാൻ വേണ്ടത്. 33 പേഴ്‌സണൽ സ്റ്റാഫുകളും മുഖ്യമന്ത്രിക്കുണ്ട്. ഇവർക്ക് ഒരു വർഷം ശമ്പളം കൊടുക്കാൻ 3 കോടി വേണം. മീഡിയ സെക്രട്ടറി പ്രഭാ വർമയുടെ പ്രതിമാസ ശമ്പളം 1.75 ലക്ഷം . പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ ശമ്പളം 1.50 ലക്ഷവും. ലക്ഷവും കോടികളും ഇവർക്ക് നൽകിയാലും മുഖ്യമന്ത്രിക്ക് വിശ്വാസം പി.ആർ ഏജൻസിയെ മാത്രം.