സെക്രട്ടറിയേറ്റിലും സർക്കാർ ഓഫിസുകളിലും നാല് ദിവസം ഫയല് നീക്കം സ്തംഭിക്കും. സർക്കാർ ഓഫിസുകളിൽ ഫയൽ നീക്കത്തിന് ഉപയോഗിക്കുന്ന ഇ ഓഫിസിൻ്റെ ഡാറ്റബേസ് സോഫ്റ്റ് വെയർ അപ്ഡേഷൻ നടക്കുന്നതിലാണ് ഭരണ സ്തംഭനം ഉണ്ടാകുന്നത്.
ഡിസംബർ 13 മുതൽ 16 വരെയാണ് അപ്ഡേഷൻ. ഇത് സംബന്ധിച്ച് ഐ ടി വകുപ്പ് സർക്കുലർ പുറത്തിറങ്ങി. സർക്കുലറിൽ 4 ദിവസമാണ് പറയുന്നതെങ്കിലും ഇ ഓഫിസിൻ്റെ സുഗമമായ ഉപയോഗത്തിന് 2 ദിവസം കൂടി എടുത്തേക്കും എന്നാണ് ഐ.ടി വിദഗ്ധർ പറയുന്നത്. അതുവരെ ഫയലുകൾ ഫിസിക്കലി കൈകാര്യം ചെയ്യണമെന്നാണ് ഉത്തരവ്.
നൂറ് ശതമാനം ഫയലുകളും ഇ ഓഫിസ് മുഖേന കൈകാര്യം ചെയ്യുന്ന സെക്രട്ടറിയേറ്റിൽ ഫിസിക്കൽ ഫയലിലേക്ക് പോകണമെന്ന് പറയുന്നത് എത്ര കണ്ടു വിജയിക്കും എന്ന് കണ്ടറിയണം. ഏറ്റവും അത്യാവശ്യമുള്ള ഫയൽ മാത്രം എഴുതി പോകും. 3 ലക്ഷം ഫയലുകളാണ് സെക്രട്ടറിയേറ്റിൽ കെട്ടികിടക്കുന്നതെന്ന് മുഖ്യമന്ത്രി രണ്ട് മാസം മുമ്പ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ഇത് ഇപ്പോൾ 5 ലക്ഷമായി ഉയർന്നു. ഇ ഓഫിസ് പണിമുടക്ക് കൂടെ ആകുമ്പോൾ കെട്ടി കിടക്കുന്ന ഫയലുകളുടെ എണ്ണം വീണ്ടും ഉയരും. ഫയലുകൾ കെട്ടി കിടക്കുന്നതും തീരുമാനം വൈകുന്നതും സാമ്പത്തിക പ്രതിസന്ധിയിലായ ധനവകുപ്പിന് അനുഗ്രഹമാണ്. പണം അനുവദിക്കുന്നഫയലുകൾ വൈകുന്നത് ഖജനാവിന് ഗുണം ചെയ്യും.
പ്രതിസന്ധി ജനങ്ങൾക്ക് മാത്രമാണ്. ട്രഷറി നിയന്ത്രണം 25 ലക്ഷമാക്കി കഴിഞ്ഞ ദിവസം ബാലഗോപാൽ ഉത്തരവിറക്കിയെങ്കിലും ഇ ഓഫിസ് പണിമുടക്ക് മൂലം അതിൻ്റെ ഗുണം ട്രഷറിയിൽ നിന്ന് മാറേണ്ട ബില്ലുകൾക്ക് ലഭിക്കുകയും ഇല്ല.സെക്രട്ടറിയേറ്റിൽ 5 ലക്ഷം ഫയലുകളാണ് കെട്ടി കിടക്കുന്നതെങ്കിൽ വിവിധ സർക്കാർ ഓഫിസുകളിലായി 14 ലക്ഷത്തിലധികം ഫയലുകളാണ് കെട്ടി കിടക്കുന്നത്. കളക്ടേറ്റ് ഉൾപ്പെടെ ഇ ഓഫിസ് മുഖേന ഫയൽ നീക്കുന്ന സർക്കാർ ഓഫിസുകളുടെയും പ്രവർത്തനങ്ങളെ ഇ ഓഫിസ് അപ്ഡേഷൻ ബാധിക്കും.