തിരുവനന്തപുരം: സംസ്ഥാനത്തിന് 145.60 കോടി പ്രളയ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. കേരളത്തിന് ദുരന്തങ്ങളെ അതിജീവിക്കാൻ കേന്ദ്രം ധനസഹായം അനുവദിക്കുന്നില്ലെന്ന വിമർശനങ്ങൾ ശക്തമായതിന് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ പ്രഖ്യാപനം. അതേസമയം വയനാട് പുനർനിർമ്മാണത്തിന് പ്രത്യേക തുക അനുവദിച്ചിട്ടില്ല. ഇപ്പോൾ അനുവദിച്ചത് സംസ്ഥാന ദുരന്ത നിവാരണത്തിനുള്ള കേന്ദ്ര വിഹിതമാണ്. കേരളം ആവശ്യപ്പെട്ട അധിക സഹായം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
14 സംസ്ഥാനങ്ങൾക്കായി 5858.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപയാണ് അനുവദിച്ചത്. ആന്ധ്രയ്ക്കും മുൻപ് തന്നെ 3000 കോടിയോളം സഹായം പ്രഖ്യാപിച്ചിരുന്നു. വയനാട് ദുരന്തത്തിൽ വിശദമായ നിവേദനം കേരളം സമർപ്പിച്ചെങ്കിലും ഇതുവരെ കേന്ദ്രം സഹായം നൽകുന്ന കാര്യത്തിൽ വ്യക്ത വരുത്തിയിട്ടില്ല.
കഴിഞ്ഞദിവസം ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും വീതം ധനസഹായം അനുവദിച്ചിരുന്നു. കേരളം ഉൾപ്പെടുന്ന മറ്റു സംസ്ഥാനങ്ങൾക്ക് കേന്ദ്ര റിപ്പോർട്ട് പരിഗണിച്ച ശേഷം തുക അനുവദിക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തിൽ നൽകിയ വിശദീകരണം. അതേസമയം കേരളം സമർപ്പിച്ച മെമ്മോറാണ്ടത്തിൽ കള്ളക്കണക്കുകൾ കുത്തി നിറച്ചു എന്ന വിമർശനം പരസ്യമായി ഉയർന്നിരുന്നു.