വയനാട്: ശമ്പളം പിടിക്കൽ ഉടൻ; കണക്കെടുപ്പ് പിന്നീട്

10 Rupees Currency
10 Rupees Indian Currency

വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കുന്നതിനുള്ള സമ്മതപത്രം ഉടന്‍ ഏര്‍പ്പെടുത്തും. ഈമാസം തന്നെ സമ്മതപത്രം എഴുതിവാങ്ങി അടുത്തമാസം വിതരണം ചെയ്യുന്ന ശമ്പളത്തില്‍ നിന്ന് ഈ തുക കുറയ്ക്കാനാണ് ധനവകുപ്പിന്റെ ആലോചന. ഇതിനായുള്ള ഉത്തരവ് വൈകാതെ പുറത്തിറക്കും.

അഞ്ച് ദിവസത്തെ ശമ്പളമാണ് ഇങ്ങനെ സർക്കാർ സ്വീകരിക്കുക. ഒരുമിച്ച് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ കഴിയുന്നവരില്‍ നിന്ന് അങ്ങനെയും തവണകളായി നല്‍കാൻ കഴിയുന്നവരില്‍ നിന്ന് അതുപോലെയും സംഭാവന സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തവണകളായി പിടിക്കുന്നവരില്‍ നിന്ന് ആദ്യത്തെ മാസം ഒരു ദിവസത്തെയും പിന്നീടുള്ള രണ്ട് മാസങ്ങളില്‍ ഈരണ്ട് മാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിക്കാനാണ് തീരുമാനം.

വിശദമായ കണക്കെടുപ്പിന് സമയം കളയുന്നില്ല

വിശദമായ കണക്ക് സമർപ്പിക്കുന്ന മുറയ്ക്ക് പുനരധിവാസ സഹായം ഉൾപ്പെടെ ലഭ്യമാക്കാം എന്നായിരുന്നു ദുരന്ത ഭൂമിയായ വയനാട് സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാൽ വയനാട് ദുരന്തം സംബന്ധിച്ച കൃത്യമായ കണക്ക് കൂട്ടൽ നടത്തി കേന്ദ്ര സഹായം തേടുന്നതിനു മുൻപ് ഈ ഇനത്തിൽ പരമാവധി സമാഹരിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായി ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നും ഒറ്റതവണയായി പിടിക്കാൻ ഉള്ള ഉത്തരവ് ഉടൻ ഇറങ്ങും. തവണകളായി സംഭാവന ചെയ്യാൻ ജീവനക്കാരെ അനുവദിക്കണം എന്ന സംഘടനകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ല എന്നാണ് സൂചന.

ഈ ഇനത്തിൽ പരമാവധി തുക സമാഹരിക്കുകയും പുനരധിവാസത്തിന് ഉൾപ്പെടെ കേന്ദ്രത്തിൽ നിന്നും തുക വാങ്ങിയെടുക്കുകയും ചെയ്താൽ സർക്കാരിന്റെ മറ്റ് സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റാം എന്നാണ് കണക്ക് കൂട്ടുന്നത്

സമ്മതപത്രം ഡിഡിഒമാര്‍ക്കാണു നല്‍കേണ്ടത്. ജീവനക്കാരുടെ സംഘടനകളും സമ്മതപത്രം വിതരണം ചെയ്യാന്‍ രംഗത്തിറങ്ങും. വയനാട് ദുരന്തം കണക്കിലെടുത്ത് ചെലവുകള്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നിലുണ്ട്. ഓണം ബോണസും ഉത്സവബത്തയുമാണ് വെട്ടിക്കുറയ്ക്കാന്‍ കഴിയുക. എന്നാല്‍, 5 ദിവസത്തെ ശമ്പളം കുറയ്ക്കുന്നതോടെ ബോണസും മറ്റു ചെലവുകളും വെട്ടിക്കുറയ്ക്കാനുള്ള സാധ്യത കുറവാണെന്നാണ് ജീവനക്കാര്‍ കരുതുന്നത്. ഒരു മാസം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് ജീവനക്കാർക്കും ശമ്പളം കൊടുക്കാൻ വേണ്ടത് 3400 കോടിയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments