തിരുവനന്തപുരം : ബിൽ ഡിസ്കൗണ്ടിംഗ് സിസ്റ്റം ( BDS ) 5 ലക്ഷമാക്കി കുറച്ചതോടെ സംസ്ഥാനത്തെ കരാറുകാർ പ്രതിസന്ധിയിൽ. ധനവകുപ്പ് പുറത്തിറക്കിയ ട്രഷറി നിയന്ത്രണ ഉത്തരവിൽ ബി ഡി എസിൻ്റെ പരിധിയും കുറച്ചിരിക്കുകയാണ്.
കരാറുകാർക്ക് അവരുടെ ബില്ലിമേലുള്ള തുക ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഉടനടി ലഭ്യമാക്കാൻ സാധിക്കും എന്നതാണ് ബി.ഡി.എസിൻ്റെ നേട്ടം. ഇതിൻ്റെ പലിശ നിശ്ചയിക്കുന്നത് അതാത് ബാങ്കുകളാണ്. പലിശയുടെ പകുതി ( പരമാവധി 5 ശതമാനം വരെ ) സർക്കാർ വഹിക്കും. ബാക്കി കരാറുകാരും വഹിക്കും. കരാറുകാർ ആവശ്യപ്പെടുന്ന മുറയ്ക്ക് 5 ലക്ഷം രൂപക്ക് മുകളിൽ വരുന്ന എല്ലാ ബില്ലുകളും ബി.ഡി.എസിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൻ്റെ പരിധിയാണ് 5 ലക്ഷമാക്കി കുറച്ചത്.
ഇതോടെ സംസ്ഥാനത്തെ മരാമത്ത് പ്രവർത്തനം സ്തംഭന അവസ്ഥയിലായി. ഒരു ഓട പണിയണമെങ്കിൽ പോലും 5 ലക്ഷം രൂപക്ക് മുകളിൽ വേണം. ഇതിൻ്റെ ബില്ല് പോലും മാറാൻ ബി ഡി എസിനെയാണ് കരാറുകാർ ആശ്രയിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പ് , ജലസേചനം, തുടങ്ങിയ വകുപ്പുകളിൽ നടപ്പിലാക്കിയിരുന്ന ബിൽ ഡിസ്കൗണ്ടിംഗ് സിസ്റ്റം 2019 ഒക്ടോബർ മുതലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കരാറുകാർക്കും ഏർപ്പെടുത്തിയത്.
ബി ഡി എസ് പരിധി 5 ലക്ഷമാക്കി കുറച്ചത് തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമാക്കിയിട്ടുണ്ട്. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനവും നിലക്കും. നിലവിലുള്ള കരാറുകാർക്ക് ചെയ്ത പ്രവൃത്തിയുടെ പണം കിട്ടാതെ വരുന്നതിനോടൊപ്പം പുതിയ പ്രവൃത്തികളിൽ ഏർപ്പെടാൻ കരാറുകാർ വൈമുഖ്യം പ്രകടിപ്പിക്കുകയും ചെയ്യും. വയനാട് പുനരധിവാസ പ്രക്രിയ പോലും ബി ഡി എസിൻ്റെ പരിധി 5 ലക്ഷമാക്കി കുറച്ചത് ബാധിക്കും.
സർക്കാരിൽ നിന്ന് പണം കിട്ടിയില്ലെങ്കിൽ പോലും കരാറുകാർക്ക് ബി ഡി എസ് വഴി പണം കിട്ടുമായിരുന്ന അവസ്ഥയാണ് ട്രഷറി നിയന്ത്രണ ഉത്തരവിലൂടെ ബാലഗോപാൽ ഇല്ലാതാക്കിയത്. ധനമന്ത്രി കസേരയിലെ ബാലഗോപാലിൻ്റെ മറ്റൊരു മണ്ടൻ തീരുമാനം ആണിത് എന്നാണ് ധനകാര്യ വിദഗ്ധരുടെ അഭിപ്രായം. പലിശക്ക് കടം എടുത്താണ് കരാറുകാരിൽ ഭൂരിഭാഗം പ്രവൃത്തികൾ ഏറ്റെടുക്കുന്നത്. ബി.ഡി എസ് പരിധിയും കുറച്ചതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായി. അതോടൊപ്പം ഇവരെ ആശ്രയിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെയും.