ഭുവനേശ്വര്‍: പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോദിയുടെ ഭക്തനാണ് ഭഗവാന്‍ ജഗന്നാഥനെന്ന പുരി ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സംബിത് പത്രയുടെ പ്രസ്താവന വിവാദത്തില്‍. മോദി പങ്കെടുത്ത റോഡ് ഷോയ്ക്കുശേഷം പ്രാദേശികചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞകാര്യമാണ് വിവാദത്തിലായത്.

എന്നാല്‍ വിമര്‍ശനം ശക്തമായതോടെ പറഞ്ഞത് മാറിപ്പോയതാണെന്നും പ്രധാനമന്ത്രിയാണ് ഭഗവാന്‍ ജഗന്നാഥന്റെ തീവ്രഭാക്തനെന്നാണ് ഉദ്ദേശിച്ചതെന്നും വിശദീകരിക്കുകയാണ് സംബിത് പാത്ര. ഈ പറഞ്ഞുപോയതിന് ഭാഗവാനോട് മാപ്പ് അപേക്ഷിച്ച് മൂന്ന് ദിവസം ഉപവാസം ഇരിക്കുമെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുതിയ പ്രഖ്യാപനം.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പത്രയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുകയും രാഷ്ട്രീയ വിഷയങ്ങള്‍ക്കും മേലെ ഭഗവാന്‍ ജഗന്നാഥനെ നിലനിര്‍ത്താന്‍ ബിജെപിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെ പ്രശ്‌നം വഷളാവുകയായിരുന്നു.

ഒഡിയ അഭിമാനത്തെ വേദനിപ്പിച്ചതിന് പത്രയെ മുഖ്യമന്ത്രി പട്നായിക് സാമൂഹ്യ മാധ്യമത്തിലൂടെ വിമര്‍ശിച്ചു. ‘മഹാപ്രഭു ശ്രീ ജഗന്നാഥന്‍ പ്രപഞ്ചനാഥനാണ്. മഹാപ്രഭുവിനെ മറ്റൊരു മനുഷ്യന്റെ ‘ഭക്തന്‍’ എന്ന് വിളിക്കുന്നത് ഭഗവാനോടുള്ള അപമാനമാണ്… ഇത് തികച്ചും അപലപനീയമാണ്. ഇത് കോടിക്കണക്കിന് ജഗന്നാഥ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തു.

‘ഒടിയ അസ്മിതയുടെ ഏറ്റവും വലിയ പ്രതീകമാണ് ജഗന്നാഥന്‍. പ്രസ്താവനയെ ഞാന്‍ ശക്തമായി അപലപിക്കുന്നു… ഏത് രാഷ്ട്രീയ വ്യവഹാരത്തിനും മുകളില്‍ ഭഗവാനെ നിലനിര്‍ത്താന്‍ ഞാന്‍ ബിജെപിയോട് അഭ്യര്‍ത്ഥിക്കുന്നു. ഇതിലൂടെ നിങ്ങള്‍ ഒടിയ അസ്മിതയെ ആഴത്തില്‍ വേദനിപ്പിച്ചു, പട്‌നായിക് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പത്രയുടെ പ്രസ്താവനയെ അപലപിച്ചു. എക്സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ബിജെപിയുടെ പുരി സ്ഥാനാര്‍ത്ഥിയുടെ അഭിപ്രായങ്ങള്‍ കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന മഹാപ്രഭു ശ്രീ ജഗന്നാഥയെ അപമാനിക്കുന്നതാണ്. ഞങ്ങള്‍ അതിനെ ശക്തമായ വാക്കുകളില്‍ അപലപിക്കുന്നു. അധികാരത്തിന്റെ ലഹരിയിലാണ് ബിജെപിയെന്ന ഞങ്ങളുടെ ആരോപണത്തെ ശക്തിപ്പെടുത്തുന്നു. , നമ്മുടെ ദൈവങ്ങളെപ്പോലും വെറുതെവിടില്ല, ജൂണ്‍ 4 ന്, ഈ അഹങ്കാരം ജനങ്ങളുടെ ഇഷ്ടത്താല്‍ നശിപ്പിക്കപ്പെടും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയെ അപലപിച്ചു.