രണ്ടാം പിണറായി മന്ത്രിസഭ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ മന്ത്രിമാരുടെ പ്രകടനം അതി ദയനീയം. പുതുമുഖങ്ങളുമായി രണ്ടാം മന്ത്രിസഭ തുടങ്ങിയപ്പോൾ തന്നെ പിഴച്ചു. ഭരിക്കേണ്ടത് എങ്ങനെയന്ന് പുതുമുഖ മന്ത്രിമാർക്ക് ഐഎംജി (Institute of Management in Government) യിൽ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ, ക്ലാസിൽ ഇരുന്നതല്ലാതെ മന്ത്രിമാർ ഒന്നും പഠിച്ചില്ല. തുടക്കം പിഴച്ചാൽ ഒടുക്കവും പിഴയ്ക്കും എന്ന മട്ടിലാണ് മന്ത്രിമാരുടെ ഭരണം.

കഴിഞ്ഞ തവണ പിണറായി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായ ശശീന്ദ്രനെ ഇത്തവണ വനം വകുപ്പിൻ്റെ ചുമതലയാണ് ലഭിച്ചത്. ഗതാഗതം ഭരിച്ച് കുളമാക്കിയ ശശീന്ദ്രൻ വനവും ‘ശരിയാക്കി’. ശശീന്ദ്രനും പിൻഗാമിയായി എത്തിയ ആൻ്റണി രാജുവും കൂടെ കെഎസ്ആർടിസി യെ ഒരു പരുവമാക്കി. ശമ്പളവും പെൻഷനും ഇല്ലാതെ കെ എസ് ആർ ടി സി ജീവനക്കാരും പെൻഷൻകാരും നെട്ടോട്ടം ഓടുന്നു.

കെ.ബി.ഗണേശ് കുമാറിന് സ്റ്റിയറിംഗ് കൈമാറി ആൻ്റണി രാജു മന്ത്രി കസേര ഒഴിഞ്ഞു. മര്യാദക്ക് നടന്ന് കൊണ്ടിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് കുളമാക്കി ഗണേശ് ഭാര്യയുമായി ഇന്തോനേഷ്യയിലേക്ക് പറന്നു. വിഴിഞ്ഞം സ്വപ്നം കണ്ടുവന്ന കടന്നപ്പള്ളി രാമചന്ദ്രനാകട്ടെ വിഴിഞ്ഞം കൊടുത്തതുമില്ല. വാസവൻ വിഴിഞ്ഞത്തിൻ്റെ തലപ്പത്തെത്തി. കരവന്നൂർ കൊള്ളയിൽ ഇമേജ് നഷ്ടപ്പെട്ട വാസവൻ ജോർദാനിൽ ഏഷ്യാ പസഫിക്ക് സഹകരണ കോൺഗ്രസിൽ പ്രസംഗിക്കാൻ പോയി. എന്ത് പ്രസംഗിച്ച് എന്ന് വാസവന് പോലും അറിയില്ല എന്നതാണ് സ്ഥിതി.

എന്തു ചോദിച്ചാലും പിണറായി സൂര്യനാണ്, ദൈവമാണ്, ദൈവ പുത്രനാണ് എന്നൊക്കെ വാസവൻ മൊഴിയും.

വീണ ജോർജിൻ്റ ആരോഗ്യ വകുപ്പിനെ കുറിച്ച് പറയാതിരിക്കുകയാവും ഭേദം. കൈവിരൽ ശസ്ത്രക്രിയക്ക് പോയാൽ നാവിൻ്റെ ശസ്ത്രക്രിയ നടത്തി ശരിയാക്കി തരും വീണ ജോർജിൻ്റെ മെഡിക്കൽ കോളേജ്.

അപ്രഖ്യാപിത പവർകട്ടുമായി കാലം കഴിക്കുകയാണ് വൈദ്യുത മന്ത്രി കൃഷ്ണൻ കുട്ടി. അനാരോഗ്യവും കൃഷ്ണൻകുട്ടിയെ വലയ്ക്കുന്നു. വൈദ്യുത ചാർജ് കൂട്ടുന്ന കാര്യത്തിൽ അനാരോഗ്യം കൃഷ്ണൻകുട്ടിക്ക് വിഷയമല്ല.

വാട്ടർ ചാർജ് വർധിപ്പിച്ചപ്പോഴാണ് റോഷി അഗസ്റ്റിൻ എന്ന ജലസേചന മന്ത്രിയെ കുറിച്ച് മലയാളികൾ കേൾക്കുന്നത്. വേദിയിലെത്തുമ്പോൾ കെ.എം. മാണിയെ കൈ പിടിച്ച് കയറ്റുന്നത് റോഷിയുടെ പതിവായിരുന്നു. ഇത്തവണ ആ ഭാഗ്യം ഉണ്ടായത് പിണറായിക്കാണ്. നവകേരള സദസിലെ മിക്ക വേദികളിലും പിണറായിയെ കൈ പിടിച്ച് കയറ്റിയത് റോഷിയായിരുന്നു.

പവർഫുൾ റിയാസ്

മന്ത്രിമാരിൽ പവർഫുൾ മുഹമ്മദ് റിയാസ് തന്നെ. പിണറായിയുടെ മരുമകനെ തൊഴാത്ത മന്ത്രിമാർ ഇല്ല. റിയാസുമായി ഏറ്റവും അടുപ്പം പുലർത്തുന്ന മന്ത്രി ശിവൻകുട്ടിയാണ്. ഫേസ്ബുക്കിൽ പരസ്പരം ഫോട്ടോയിട്ട് കളിക്കുകയാണ് ഇരുവരും. ശിവൻകുട്ടിക്ക് വിദ്യാഭ്യാസം വഴങ്ങുന്നില്ല. അനാരോഗ്യം അലട്ടുന്നത് കൊണ്ട് ഖജനാവിൽ നിന്ന് ചികിൽസക്ക് പണം കൃത്യമായി വാങ്ങിക്കുന്ന മന്ത്രി കൂടിയാണ് ശിവൻകുട്ടി.

ടൂറിസം മന്ത്രിയായതുകൊണ്ട് പരമാവധി വിദേശ രാജ്യങ്ങൾ സന്ദർശിക്കണം എന്ന മട്ടിലാണ് റിയാസിൻ്റെ ഭരണം. ദോഷം പറയരുതല്ലോ, കൂടെ ഭാര്യ വീണ വിജയനേയും വിദേശ സന്ദർശനത്തിൽ ഉൾപ്പെടുത്താൻ റിയാസ് മടി കാണിക്കാറില്ല. ടൂറിനുള്ള പണത്തിന് ഖജനാവ് ഉള്ളപ്പോൾ റിയാസിന് എന്ത് പേടി. ഭരണം തീരുന്നതിന് മുൻപ് പരമാവധി രാജ്യങ്ങൾ കണ്ട് തീർക്കാനുള്ള ശ്രമത്തിലാണ് റിയാസ്.

ലോകായുക്തയുടെ കഥ കഴിച്ചതാണ് മന്ത്രി രാജീവിൻ്റെ സംഭാവന. അതുകൊണ്ട് തന്നെ കെ.ടി ജലീലിന് ഏറ്റവും ഇഷ്ടപ്പെട്ട മന്ത്രിയും രാജീവ് തന്നെ. ഭരണഘടന കുന്തവും കുട ചക്രവും എന്ന് പ്രസംഗിച്ചതിൻ്റെ പേരിൽ രാജി വയ്ക്കേണ്ടി വന്ന സജി ചെറിയാനാണ് മറ്റൊരവതാരം. മന്ത്രി സ്ഥാനം തിരിച്ച് കിട്ടിയെങ്കിലും ആലപ്പുഴയിൽ ജി. സുധാകരനെ മൂലക്ക് ഇരുത്തുക എന്നതിലാണ് മന്ത്രി സജി ചെറിയാൻ്റെ ശ്രദ്ധ.

റിയാസിൻ്റെ പ്രസംഗം തടസപ്പെടുത്തിയതിൻ്റെ പേരിൽ സ്പീക്കർ കസേര തെറിച്ചിട്ടും മന്ത്രി കസേരയിൽ എത്തിയ ഭാഗ്യവാനാണ് എം ബി രാജേഷ്. കാടിൻ്റെ അതിർത്തികളിൽ പശു വളർത്തുന്നതുകൊണ്ടാണ് വന്യമൃഗ ശല്യം രൂക്ഷമാകുന്നത് എന്ന കണ്ടെത്തിയ ശാസ്ത്രജ്ഞൻ കൂടിയാണ് എം.ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം മലയാളികളെ കുടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാജേഷ്. കൈക്കൂലി കൈ കൊണ്ട് തൊടാത്ത മന്ത്രിയാണ് എം.ബി രാജേഷ് എന്നാണ് തലസ്ഥാന വാർത്ത. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ ഡീലർഷിപ്പ് അടുത്ത സുഹൃത്തിന് കൊടുക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടതായി രാജേഷിൻ്റെ ശത്രുക്കൾ പറഞ്ഞു പരുത്തുന്നുണ്ട്.

where ever l go I take my house in my head എന്ന ഒറ്റ പ്രസംഗത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന മന്ത്രിയാണ് ഡോ ആർ . ബിന്ദു. ബിന്ദുവിൻ്റെ പ്രസംഗം കേട്ടതിന് ശേഷം വിദേശ സർവ്വകലാശാലയിൽ പഠിക്കാൻ പോകുന്ന മലയാളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ആണ് ഉണ്ടായത്. കഥകളിയും പ്രസംഗവും ആയി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഉറക്കമാണ് മന്ത്രി ബിന്ദു.ബാലഗോപാൽ ക്ഷീണിതനാണ്. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് റെസ്റ്റിലാണ്. തോൽക്കുമെന്ന് ഉറപ്പായ കേസിൽ സുപ്രീം കോടതിയിൽ പോകാൻ ധൈര്യം കാട്ടിയ ആളാണ് ബാലഗോപാൽ. എടുക്കാവുന്നിടത്തെല്ലാം പോയി കടമെടുത്ത് ഖജനാവ് പരുവമാക്കി

പത്തനംതിട്ടയിൽ ഭാഗ്യം പരീക്ഷിക്കാൻ പോയ ഐസക്ക് എന്ന മുൻഗാമി വരുത്തി വച്ച ബാധ്യതയിൽ നിന്ന് ബാലഗോപാലിന് കരകയറാൻ ആയില്ല. ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യം തീർക്കുക എന്നതാണ് ബാലഗോപാലിൻ്റെ പ്രഥമ പരിഗണന. എത്ര പണം വേണെങ്കിലും അതിന് നൽകും. ക്ഷേമ പെൻഷൻകാരോട് കടക്ക് പുറത്ത് എന്ന പിണറായി നയമാണ് ബാലഗോപാലിൻ്റേതും.

തമ്മിൽ ഭേദം കെ. രാധാകൃഷ്ണൻ ആണ്. മിടുക്കൻ ആയതു കൊണ്ട് തന്നെ ഇവിടെ വേണ്ട എന്നാണ് പിണറായിയുടെ നയം. ആലത്തൂർ വഴി ഡൽഹിക്ക് രാധാകൃഷ്ണനെ പറത്താനാണ് പദ്ധതി. മുഖ്യമന്ത്രി കസേരയിൽ റിയാസിന് ഒരു എതിരാളി ഉണ്ടാകരുത് എന്നതു മാത്രമാണ് പിണറായി ചിന്ത. രാധാകൃഷ്ണൻ ഡൽഹിക്ക് പറക്കേണ്ടി വരില്ല എന്നാണ് ആലത്തൂർ വാർത്തകൾ. ഉന്തി തള്ളി രാധാകൃഷ്ണനെ ഡൽഹിക്ക് വിടാൻ പോയാൽ ഇങ്ങനെ ഇരിക്കും. രാധാകൃഷ്ണന് ഇഷ്ടം തിരുവനന്തപുരം തന്നെ.

നിരാശ വിളമ്പുന്ന സിപിഐ മന്ത്രിമാർ

ഏറ്റവും മോശം സി.പി.ഐ മന്ത്രിമാർ ആരാണ് എന്ന് ചോദിച്ചാൽ ആർക്കും പെട്ടെന്ന് ഒരു ഉത്തരം ഇല്ല. അത്രക്ക് മോശമാണ് ഓരോ സിപിഐ മന്ത്രിയും. തലസ്ഥാനത്ത് സി പി ഐയുടെ മണിമാളികയുടെ നിർമ്മാണം പൂർത്തിയാക്കുക എന്ന ഒറ്റ അജണ്ടയിലാണ് സി പി ഐ മന്ത്രിമാർ.

ന്യൂനപക്ഷ സ്കോളർഷിപ്പ് പോലും കൃത്യമായി കൊടുക്കാൻ കഴിയാത്ത മന്ത്രിയാണ് വി. അബ്ദുറഹിമാൻ .കേന്ദ്രത്തെ പിണക്കാതെ നരേന്ദ്ര മോദിയുടെ പേര് എടുത്ത് പറഞ്ഞ് വിമർശിക്കാതെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയാണ് പിണറായി.

മകളുടെ മാസപ്പടി , സ്വർണ്ണ കടത്ത്, ലൈഫ് മിഷൻ പോലുള്ള നിരവധി അഴിമതികളിൽ നിന്ന് സംരക്ഷണം വേണമെങ്കിൽ കേന്ദ്രത്തെ പ്രീതിപ്പെടുത്തിയാലേ രക്ഷയുള്ളു എന്ന് പിണറായിക്ക് അറിയാം. ആ പണി പിണറായി നന്നായി ചെയ്യുന്നുണ്ട്. ഇതിനിടയിൽ എന്ത് ഭരണം! തെരഞ്ഞെടുപ്പ് ഫലത്തിൽ ഒന്നും പിണറായിക്ക് പേടിയില്ല. കഴിഞ്ഞ തവണ 19 സീറ്റ് തോറ്റിട്ടും തുടർഭരണം പിടിച്ചില്ലേ എന്ന മില്യൺ ചോദ്യവുമായി പിണറായി ഫാൻസ് ഇറങ്ങും.

നവകേരള ബസ് മ്യൂസിയത്തിൽ വയ്ക്കും എന്നായിരുന്നു എ.കെ. ബാലൻ്റെ കമൻ്റ്. നവകേരള ബസ് അല്ല, ആ ബസിൽ ഇരിക്കുന്ന പീസുകളെയാണ് മ്യൂസിയത്ത് വയ്ക്കേണ്ടത് എന്നായിരുന്നു വി.ഡി. സതീശൻ്റെ മറുപടി. സംസ്ഥാനം കണ്ട ഏറ്റവും മോശം മന്ത്രിസഭ എന്ന ഖ്യാതിയുമായി പിണറായി മന്ത്രിസഭ മൂന്നാം വാർഷികം ആഘോഷിക്കുമ്പോൾ പ്രതിപക്ഷ നേതാവിൻ്റേത് കൃത്യമായ മറുപടി എന്ന് വ്യക്തം.