തിരുവനന്തപുരം: മേയറുടെയും തദ്ദേശ ഭരണ ജനപ്രതിനിധികളുടെയും ശമ്പളം വര്‍ദ്ധിപ്പിക്കും. മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ചതിന് ശേഷമാകും ഇവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുക.

മുഖ്യമന്ത്രിയുടേയും എംഎല്‍എമാരുടെയും ശമ്പളം അടുത്ത നിയമസഭ സമ്മേളനത്തില്‍ വര്‍ദ്ധിപ്പിക്കും. മേയറുടെ നിലവിലെ ശമ്പളം 15,800 രൂപയാണ്. ഡെപ്യൂട്ടി മേയറുടെ ശമ്പളം 13,200 രൂപയും കൗണ്‍സിലറുടെ ശമ്പളം 8,200 രൂപയും ആണ്.

മേയറുടെ അതേ ശമ്പളമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്. വൈസ് പ്രസിഡണ്ടിന് 13,200 രൂപയും മെമ്പര്‍മാര്‍ക്ക് 8800 രൂപയും ആണ്. മുനിസിപ്പാലിറ്റില്‍ ചെയര്‍മാന് 14,600 രൂപയും വൈസ് ചെയര്‍മാന് 12,000 രൂപയും കൗണ്‍സിലര്‍മാര്‍ക്ക് 7,600 രൂപയും ആണ് നിലവിലെ ശമ്പളം.

ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡണ്ടിന് 14,600 രൂപയും വൈസ് പ്രസിഡണ്ടിന് 12,000 രൂപയും മെമ്പര്‍മാര്‍ക്ക് 7,600 രൂപയും ആണ് നിലവിലെ ശമ്പളം.ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ടിന് 13,200 രൂപയും വൈസ് പ്രസിഡണ്ടിന് 10,600 രൂപയും മെമ്പര്‍മാര്‍ക്ക് 7,000 രൂപയും ആണ് ശമ്പളം. ശമ്പളത്തില്‍ 50 ശതമാനം വര്‍ധന ഉണ്ടാകും. കൂടാതെ തദ്ദേശ ജനപ്രതിനിധികള്‍ക്ക് പെന്‍ഷനും അനുവദിക്കും.

പെന്‍ഷന്‍ അനുവദിക്കണമെന്ന് തദ്ദേശ ജന പ്രതിനിധികളുടെ ദീര്‍ഘകാല ആവശ്യം ആയിരുന്നു. തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷന്‍ വരെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാനാണ് തീരുമാനം. ശമ്പളം ഉയര്‍ത്തുന്നതും പെന്‍ഷന്‍ നല്‍കുന്നതും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. അതോടൊപ്പം വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതും സാമ്പത്തിക ബാധ്യതക്ക് ആക്കം കൂട്ടും.