കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തത് ഹൈക്കോടതി റദ്ദാക്കി. നാല് അംഗങ്ങളുടെ നാമനിര്‍ദേശമാണ് റദ്ദാക്കിയത്. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്ന ഗവര്‍ണര്‍ക്ക് തിരിച്ചടിയാണ് ഹൈക്കോടതി വിധി.

കേരള സര്‍വകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളില്‍ ഉന്നത മികവ് പുലര്‍ത്തുന്ന നാല് പേരെ ചാന്‍സിലാറായ ഗവര്‍ണര്‍ക്ക് സെനറ്റിലേക്ക് ശിപാര്‍ശ ചെയ്യാം. സര്‍വകലാശാലയില്‍ നിന്ന് നല്‍കുന്ന പട്ടികയിലെ യോഗ്യരായ വിദ്യാര്‍ഥികളെ ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. സര്‍വകലാശാല എട്ട് പേരെ നാമനിര്‍ദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരില്‍ ഒരാളെയും പരിഗണിക്കാതെയാണ് ചാന്‍സലര്‍ ആർഎസ്എസ് പ്രവർത്തകരായ നാല് പേരെ നാമനിര്‍ദേശം ചെയ്തത്.

എ.ബി.വി.പി പ്രവര്‍ത്തകരായ അഭിഷേക് ഡി. നായര്‍ (ഹ്യൂമാനിറ്റീസ്), എസ്.എല്‍. ധ്രുവിന്‍ (സയന്‍സ്), മാളവിക ഉദയന്‍ (ഫൈന്‍ ആര്‍ട്സ്), സുധി സുധന്‍ (സ്പോര്‍ട്സ്) എന്നിവരെയാണ് സര്‍ക്കാര്‍ പട്ടിക മറികടന്ന് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത്. ചാന്‍സലറെന്ന നിലയില്‍ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്നായിരുന്നു ഗവര്‍ണറുടെ വാദം. ഇതാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

തങ്ങളെക്കാള്‍ യോഗ്യത കുറഞ്ഞവരെയാണ് ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്തതെന്നും ഈ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സര്‍വകലാശാല നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ട അരുണിമ അശോക്, ടി.എസ്. കാവ്യ, നന്ദകിഷോര്‍, പി.എസ്. അവന്ത് സെന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

അതേസമയം, സെനറ്റിലേക്കുള്ള സര്‍ക്കാറിന്റെ മൂന്ന് നാമനിര്‍ദേശം ഹൈകോടതി ശരിവെച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജെ.എസ്. ഷിജുഖാന്‍, മുന്‍ എം.എല്‍.എ ആര്‍. രാജേഷ്, അഡ്വ. ജി. മുരളീധരന്‍ എന്നിവരുടെ നാമനിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചത്. ഇവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈകോടതി തള്ളി.