കണ്ണൂർ : പാനൂർ ബോംബ് സ്‌ഫോടന കേസ് , മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ . ചെണ്ടയാട് സ്വദേശി കെ കെ അരുൺ, കുന്നോത്തുപറമ്പ് സ്വദേശി കെ അതുൽ, ചെറുപറമ്പ് സ്വദേശി ഷിബിൻ ലാൽ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സായൂജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പിടികൂടിയത് പാലക്കാട് വെച്ചാണെന്ന് പോലീസ് വ്യക്തമാക്കി. ബോംബ് നിർമ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത മുഴുവൻ ബോംബുകളും നിർവീര്യമാക്കിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ രാത്രി ഒരു മണിക്കായിരുന്നു സ്‌ഫോടനം. പാനൂർ കൈവേലിക്കൽ മുളിയാത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ നിന്ന് ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.