തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ അച്ഛനെ ജീവനോടെ സമാധിയാക്കി മക്കൾ. ഗോപൻ സ്വാമി എന്ന് അറിയപ്പെടുന്ന ഗോപനെയാണ് സമാധിയായെന്ന് പറഞ്ഞ് മക്കൾ കോൺക്രീറ്റ് അറ നിർമ്മിച്ച് സ്ലാബിട്ട് മൂടിയത്. പിന്നീട് ‘ഗോപൻ സ്വാമി സമാധിയായി’ എന്ന പോസ്റ്റർ മക്കൾ വീടിനു സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ഇതുകണ്ട അയൽവാസികളും ബന്ധുക്കളുമായി വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് എത്തി കാര്യങ്ങൾ അന്വേഷിക്കുമ്പോൾ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളായിരുന്നു മക്കളും വീട്ടുകാരും പറഞ്ഞുകൊണ്ടിരുന്നത്. സമാധിയാകാൻ സമയം ആയെന്നും പറഞ്ഞ് ബിപിയുടെയും മറ്റും മരുന്ന് കഴിച്ചിട്ട് അച്ഛൻ പോയി സമാധി ആയെന്നും മക്കൾ അന്ത്യകർമ്മങ്ങൾ ചെയ്‌തെന്നുമാണ് ഇവർ പറയുന്നത്.
ആറുമാസമായിട്ട് കിടപ്പുരോഗിയായിരുന്നു ഗോപൻ എങ്ങനെ നടന്നുപോയി സമാധിയാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കിടക്കയിൽ നിന്ന് എഴുന്നാൽ സാധിക്കാതിരുന്ന ഇദ്ദേഹം മലമൂത്രവിസർജനം നടത്തുന്നതിന്റെ പേരിൽ മക്കളുമായി വഴക്കായിരുന്നെന്നും അയൽവാസികൾ പറയുന്നു. ഇവരുടെ വീടിന് സമീപത്ത് ഗോപൻ ഒരു ക്ഷേത്രം സ്ഥാപിച്ച് പൂജകൾ നടത്തി വന്നിരുന്നു. പിന്നീട് ഇവിടെ രാത്രികാലങ്ങളിൽ പൂജനടത്തിയിരുന്നത് ഇളയ മകനായിരുന്നു. ക്ഷേത്രത്തിന് പ്രസിദ്ധി കൂട്ടാനാണ് ഇങ്ങനൊരു സമാധി പ്രചാരണമെന്നാണ് നാട്ടുകാർ കരുതുന്നത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗോപൻ സ്വാമി നടന്നുപോയി ജീവൽ സമാധി ആയെന്നാണ് മകൻ രാജസേനൻ പറയുന്നത്. മൊഴികളിൽ വൈരുധ്യം നിലനിൽക്കുന്നതിനാൽ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്നു പൊലീസ് പറഞ്ഞു. മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന പൊലീസ് അപേക്ഷയിൽ ജില്ല കളക്‌റുടെ തീരുമാനം ഇന്നുണ്ടാകും.
ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്നു പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നുമാണു പൊലീസിന്റെ ആവശ്യം. നെയ്യാറ്റിൻകര ആറാലുമൂടിൽ ക്ഷേത്രാചാര്യനായിരുന്ന ഗോപൻ സ്വാമി സമാധിയായെന്നും നാട്ടുകാർ അറിയാതെ അന്ത്യകർമ്മങ്ങൾ ചെയ്‌തെന്നുമാണു കുടുംബാംഗങ്ങൾ പൊലീസിനു നൽകിയ മൊഴി. എന്നാൽ, നടന്നതു കൊലപാതകമാണെന്നു നാട്ടുകാർ ആരോപണം ഉയർത്തിയതോടെയാണു കല്ലറ തുറക്കാൻ പൊലീസ് തീരുമാനിച്ചത്.
ഗോപൻ വീട്ടുവളപ്പിൽ ശിവക്ഷേത്രം നിർമിച്ചു പൂജകൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനു സമീപമാണു സമാധി അറ. ഇതും ഗോപൻ നിർമിച്ചതാണെന്നു ഭാര്യയും മക്കളും പറഞ്ഞു. മരണശേഷം ദൈവത്തിന്റെ അടുക്കൽ പോകണമെങ്കിൽ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഗോപൻ നിർദേശം നൽകിയിരുന്നതായി മക്കൾ മൊഴി നൽകി. രാവിലെ പത്തോടെ അറയിലേക്കു നടന്നു പോയി പത്മാസനത്തിൽ ഇരുന്ന പിതാവിനു വേണ്ടി പുലർച്ചെ മൂന്നുവരെ പൂജകൾ ചെയ്തതായി മകൻ രാജസേനന്റെ മൊഴിയുണ്ട്. രാജസേനൻ കുടുംബക്ഷേത്രത്തിലെ പൂജാരിയാണ്.
മരണം നടന്നതു വീട്ടിലാണോ അറയിലാണോ എന്നതു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തേണ്ടിവരും. മരിച്ചത് എങ്ങനെയെന്നും കണ്ടെത്തണം. മക്കളുടെ അറിവോടെ അറയ്ക്കുള്ളിൽ ജീവനോടെ കയറിയിരുന്നശേഷം ശ്വാസംമുട്ടി മരിച്ചതാണെങ്കിലും കേസിന്റെ ഗൗരവം മാറും. മരണം നടന്ന സമയം ഭാര്യ സുലോചനയും മകൻ രാജസേനനും മാത്രമായിരുന്നു വീട്ടിൽ. സമാധിയാകാൻ സമയമായെന്ന് അച്ഛൻ അറിയിച്ചതിനാൽ രണ്ടാമത്തെ മകൻ സനന്ദനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണു കുടുംബത്തിന്റെ മൊഴി. സനന്ദൻ മെക്കാനിക്കാണ്.