മലപ്പുറത്ത് 19കാരിയായ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആണ് ജീവനൊടുക്കിയത്. രാവിലെ പത്ത് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഷഹാനയുടെ ആത്മഹത്യ മാനസിക ഭർതൃവീട്ടുകാരുടെ പീഡനം കാരണമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം. 2024 മെയ് 27 ന് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. നിറം കുറവാണെന്ന് പറഞ്ഞ് ഷഹാനയെ ഭർത്താവ് കുറ്റപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. നിറത്തിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. യുവതിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞു അവഹേളിച്ചതായും കുടുംബം പറയുന്നു.
കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. ശേഷം ഭർത്താവ് ഗൾഫിൽ തിരിച്ച് പോയി. അവിടെ പോയശേഷം നിരന്തരം പെൺകുട്ടിയെ ഫോണിൽ വിളിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന.