തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിനുള്ളിലെ ലോഡ്ജിൽ മധ്യവയസ്‌കൻ യുവതിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. പേയാട് സ്വദേശികളായ കുമാർ (52), ആശ (42) എന്നിവരെയാണ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം കുമാർ തൂങ്ങിമരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പത്താം തീയതിയാണ് കുമാർ ഇവിടെ മുറിയെടുത്തത്. പിന്നീട് ഇന്നലെയും ഇന്ന് രാവിലെയുമായി ലോഡ്ജ് ജീവനക്കാർ മുറി തുറക്കാൻ തട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.

ഇന്ന് രാവിലെ ജീവനക്കാർ വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും ജീവനറ്റ നിലയിൽ കണ്ടെത്തിയത്. ആശയുടെ മൃതദേഹം കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു. മുറിയില്‍ മല്‍പ്പിടത്തം ഉണ്ടായതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു.
തിരുവനന്തപുരം കൈരളി ടിവിയിലെ അസിസ്റ്റന്റ് പ്രൊഡ്യൂസറാണ് കുമാർ. ഇന്ന് രാവിലെ ജോലിക്ക് ഹാജരാകേണ്ടിയിരുന്നതാണ്. എന്നാൽ അത് സംഭവിക്കാതായതോടെ സഹപ്രവർത്തകർ ലോഡ്ജിൽ വിളിച്ച് അന്വേഷിക്കുകയായിരുന്നു. പിന്നീടാണ് ജീവനക്കാർ മുറി തുറന്ന് പരിശോധിച്ചതും പോലീസിനെ അറിയിച്ചതും.
ആശ വിവാഹിതയാണ്. കുമാർ വിവാഹമോചിതനും. രാവിലെ ജോലിക്ക് പോയ ആശയെ രാത്രിയായിട്ടും കാണാതായതോടെ ഇവരുടെ ഭർത്താവ് വിളപ്പിൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.