തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, ഈ പണം മീന്‍വണ്ടിയില്‍ കേരളത്തിലേക്കും പിന്നെ ബാംഗ്ലൂരിലേക്കും കടത്തിയെന്നുമുള്ള പിവി അന്‍വറിന്റെ ആരോപണത്തില്‍ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നു വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ശനിയാഴ്ച വിജിലന്‍സ് കോടതി വിധി പറയും.

ഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. കോടതി നിര്‍ദേശത്തെത്തുടര്‍ന്നു വിജിലന്‍സ് അഭിഭാഷകന്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിയുമായി ബന്ധപ്പെട്ടു വിജിലന്‍സ് അന്വേഷണം നടത്തിയിട്ടില്ല. പി.വി.അന്‍വര്‍ ആരോപണം ഉന്നയിച്ചതു നിയമസഭയിലാണ്. പരാതിക്കാരനു മാധ്യമ വാര്‍ത്തകള്‍ അല്ലാതെ മറ്റു വിവരങ്ങളില്ല.

തെരഞ്ഞെടുപ്പു ഫണ്ടിനു വേണ്ടിയാണു കോര്‍പറേറ്റുകളില്‍ നിന്നു പണം വാങ്ങിയതെങ്കില്‍ അതു തെരഞ്ഞെടുപ്പു കമ്മിഷനാണ് അന്വേഷിക്കേണ്ടത്. അതിനും തെളിവില്ല. അതിനാല്‍ ഈ കേസില്‍ അന്വേഷണം ആവശ്യമില്ല. നിയമസഭാ സാമാജികര്‍ക്കു പ്രത്യേക അധികാരമോ പരിരക്ഷയോ ഉണ്ടോയെന്നു വ്യക്തത വരുത്തണം. അതിനാല്‍, ലഭിച്ച പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു കൈമാറിയെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

എന്നാല്‍ അഴിമതിക്കേസുകളില്‍ ഇത്തരം നിയമപ്രശ്‌നം ഉണ്ടാകില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഈ ആരോപണവുമായി ബന്ധപ്പെട്ടു കൂടുതല്‍ തെളിവുണ്ടോയെന്നു പരാതിക്കാരനായ എ.എച്ച്.ഹഫീസിനോടു കോടതി ചോദിച്ചു. വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കുന്നതിനു നിയമസഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും പറഞ്ഞു. അന്‍വറിന്റെ ആരോപണത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണു പരാതിക്കാരന്റെ ആവശ്യം.

പി.വി. അന്‍വര്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം ലൂസിഫര്‍ സിനിമയുടെ കഥയാണെന്ന സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് പിന്നാലെയാണ് അതിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തയല്ലാതെ മറ്റൊരു വിവരവുമില്ലാത്ത പരാതിക്കാരന്‍ കോടതിയെ സമീപിച്ചതെന്നാണ് വിജിലന്‍സ് പറയുന്നത്.