കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തില്‍ കുടുങ്ങിയെന്ന പരാതിയുമായി 60 വയസ്സുകാരന്‍ അശോകന്‍. പരാതിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച രോഗിയെ വിളിച്ചുവരുത്തി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ തെളിവെടുത്തിരിക്കുകയാണ് ഇപ്പോള്‍. ഇതേ മെഡിക്കല്‍ കോളേജിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രിക്കിയക്ക് ശേഷം കത്രിക കുടങ്ങിയത്.

അത്തോളി ചീക്കിലോട് കോറോത്ത് അശോകനാണ് ബൈപ്പാസ് ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് അഞ്ചുവര്‍ഷമായി ദുരിതമനുഭവിക്കുന്നത്.

നെഞ്ചുവേദനയെത്തുടര്‍ന്ന് 2018 ഓഗസ്റ്റിലാണ് മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ആശുപത്രി വിട്ടിട്ടും മുറവുണങ്ങാതെ ഇതില്‍നിന്ന് രക്തവും നീരും ഒലിക്കുകയായിരുന്നു. നാലുതവണയായി വീണ്ടും മെഡിക്കല്‍ കോളേജിലെത്തി ഡോക്ടര്‍മാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് പല ഡോക്ടര്‍മാരെയും കണ്ട് ചികിത്സ നടത്തിയെങ്കിലും മുറിവുണങ്ങിയില്ല. ഒടുവില്‍ ഉള്ളിയേരിയിലെ മെഡിക്കല്‍ കോളേജിലെത്തി ഡോക്ടറെ കണ്ടപ്പോഴാണ് സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. സ്‌കാനിങ്ങില്‍ ഹൃദയത്തിനു താഴെയായി ബാഹ്യവസ്തു കിടക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ശസ്ത്രക്രിയനടത്തി അത് പുറത്തെടുത്തു. ഇതോടെ രക്തവും നീരും മറ്റും വരുന്നത് നിന്നതായും മുറിവുണങ്ങിയതായും അശോകന്‍ പറഞ്ഞു.

”നീണ്ട അഞ്ചുവര്‍ഷം ചെറിയ ദുരിതമല്ല അനുഭവിച്ചത്. കടുത്ത വേദനയ്‌ക്കൊപ്പം എപ്പോഴും പുറത്തേക്ക് രക്തവും നീരും വന്നുകൊണ്ടിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും കിടക്കവിരിയും മറ്റും രക്തം കാരണം നനഞ്ഞിട്ടുണ്ടാവും. ഒരിടത്തും പോവാന്‍ കഴിയാതെയായി. അഞ്ചുവര്‍മായി ജോലിക്കും പോവാനായില്ല” -അശോകന്‍ പറയുന്നു. രണ്ടു ശസ്ത്രക്രിയക്കുമായി മൂന്നരലക്ഷത്തോളം രൂപ ചെലവായി. കടവുമുണ്ട്. വീഴ്ചവരുത്തിയവര്‍ക്കെതിരേ നടപടിവേണം, ഒപ്പം നഷ്ടപരിഹാരവും -അശോകന്‍ ആവശ്യപ്പെട്ടു.

പരാതി അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടന്നത്. ഇതുവരെയുള്ള എല്ലാ ചികിത്സാരേഖകളും സമിതി പരിശോധിച്ചു. ബാഹ്യവസ്തു കണ്ടെത്തിയതായുള്ള എക്കോ സ്‌കാനിങ് റിപ്പോര്‍ട്ടുള്‍പ്പെടെ ഹാജരാക്കിയതായി അശോകന്‍ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.