തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി മൂല്യ നിര്‍ണയം ആരംഭിക്കുന്ന ഏപ്രില്‍ മൂന്നിന് വലിയൊരു വിഭാഗം അധ്യാപകരും തെരഞ്ഞെടുപ്പ് ക്ലാസില്‍. ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലാസ് അരംഭിക്കുന്നത്.

80 ശതമാനം ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കും പ്രിസൈഡിങ് ഓഫീസറായോ ഒന്നാം പോളിങ് ഓഫീസറായോ ചുമതലയുണ്ട്. അതുകൊണ്ട് തന്നെ പരീക്ഷ മൂല്യ നിര്‍ണയ തീയതി മാറ്റിവെക്കണമെന്നാണ് അധ്യാപകരും അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നത്. ബുധനാഴ്ച്ച എസ്എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷ മൂല്യ നിര്‍ണയം ആരംഭിക്കിനിരിക്കെയാണ് ഈ ആശയക്കുഴപ്പം.

ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ക്ലാസ് ചൊവ്വാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വരെയാണ് ഈ ക്ലാസിന് പോയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും.

മൂല്യനിര്‍ണ ക്യാമ്പ് ഓഫീഷ്യലുകളും അധ്യാപകരും കൂട്ടത്തോടെ ക്ലാസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൂല്യനിര്‍ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനവും താറുമാറാകും. ചീഫ് എക്‌സാമിനറും അസിസ്റ്റന്റ് എക്‌സാമിനര്‍മാരുമായി ആറും ഏഴും അധ്യാപകരുള്ള ടീമായാണ് മൂല്യനിര്‍ണയം.

ബുധനാഴ്ച്ച വളരെ കൂടുതല്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പ് ക്ലാസിന് പോകുന്നതിനാല്‍ ടീം രൂപവത്കരണം ബുദ്ധിമുട്ടാകും. അത് തുടര്‍ ദിവസങ്ങളിലും മൂല്യ നിര്‍ണയ പ്രക്രിയയെ ബാധിക്കും. അതുകൊണ്ടാണ് മൂല്യനിര്‍ണ്ണയം എട്ടിന് ആരംഭിക്കുന്ന വിധത്തില്‍ ക്രമീകരണത്തിന് ആവശ്യം ഉയരുന്നത്.

മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന അധ്യാപകരെ അതാത് ജില്ല കളക്ടറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹയര്‍ സെക്കണ്ടറി പരീക്ഷ സെക്രട്ടറി മേഖല ഉപമേധാവികള്‍ക്ക് കത്തയിച്ചിട്ടുണ്ട്. മൂല്യനിര്‍ണയം യഥാവിധി നടന്നാലെ കൃത്യസമയത്ത് ഫലപ്രഖ്യാപനം നടത്താനാകൂവെന്നും കത്തില്‍ പറയുന്നു. രണ്ടാഴ്ച കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാകുമെന്നും അതുകൊണ്ടുതന്നെ ഫലം വൈകുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും അധ്യാപക സംഘടനകള്‍ പറയുന്നു.