കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു ജോലികളില്‍നിന്ന് ഉദ്യോഗസ്ഥരായ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമുണ്ടായിരുന്ന ഒഴിവ് ഇക്കുറി എടുത്തുകളഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയയില്‍ ഒഴിവാക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിലായിരുന്നു മുമ്പ് വൈദികരും കന്യസ്ത്രീകളും.

തെരഞ്ഞെടുപ്പു കമ്മീഷന്റെ സോഫ്ട്വെയറില്‍തന്നെ ഇവരുടെ പട്ടിക ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ഡ്യൂട്ടി നിശ്ചയിച്ചുകൊണ്ടുള്ള ലിസ്റ്റില്‍ കന്യാസ്ത്രീകളുടെയടക്കം പേരുകള്‍ വന്നു തുടങ്ങി. പോളിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഡ്യൂട്ടിയാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്നത്. ഇതുമൂലം പോളിംഗിന്റെ തലേന്നുതന്നെ ഇവര്‍ ഡ്യൂട്ടിക്കെത്തി പോളിംഗ് ബൂത്തുകളില്‍ താമസിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.