തിരുവനന്തപുരം: കൃത്യസമയത്ത് ശമ്പളം ഇല്ലെങ്കിലും സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ ഏമാൻമാർക്ക് ഒരു കുറവും വരുത്തരുതെന്നതാണ് അലിഖിത നിയമം. മാസമാസം എയർ കണ്ടീഷൻ വാങ്ങിക്കൂട്ടുന്ന സെക്രട്ടേറിയറ്റിലെ പുതിയ ട്രെൻഡ് 55 ഇഞ്ച് ടിവി വാങ്ങലാണ്.

ഈ മാസം 25ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവ് വായിച്ചാൽ അങ്ങനയേ തോന്നൂ. മാർച്ച് 25 ന് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ 55 ഇഞ്ചിൻ്റെ പുതിയ എൽ.ഇ.ഡി ടിവി വാങ്ങിക്കാൻ 56,960 രൂപ അനുവദിച്ച് ഉത്തരവിറങ്ങി.

സാധാരണ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസിലും അവരുടെ മീഡിയ ടീമിൻ്റെ ഓഫിസിലും ആണ് ടെലിവിഷൻ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ വരുന്ന പരാതികൾ മറ്റ് വകുപ്പുകളിലേക്ക് അയക്കുന്നത് കമ്പ്യൂട്ടർ സെല്ലിൽ രേഖപ്പെടുത്തിയതിനു ശേഷമാണ്.

അങ്ങനെ ഒരു ജോലി ചെയ്യുന്നിടത്ത് എന്തിനാണ് ടി.വി എന്ന ചോദ്യമാണ് ഉയരുന്നത്. ക്രിക്കറ്റും ഫുട്ബോളും സിനിമയും സീരിയലും വാർത്തയും കണ്ടാണോ ഇവർ കമ്പ്യൂട്ടർ സെല്ലിൽ ജോലി ചെയ്യുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്. മറ്റ് വകുപ്പുകളും ഇതുപോലെ ടി.വി ആവശ്യപ്പെട്ടാൽ ഖജനാവിൻ്റെ അവസ്ഥ പരിതാപകരമാവും.

ജോലി എളുപ്പമാക്കാൻ മ്യൂസിക് സിസ്റ്റം വേണമെന്ന് ഒരു കൺഫേർഡ് ഐഎഎസുകാരി ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഐഎഎസുകാരിക്ക് സർക്കാരിൽ സ്വാധിനം ഉള്ളതുകൊണ്ട് മ്യൂസിക് സിസ്റ്റം അനുവദിച്ച് കിട്ടി. ഒരു വശത്ത് പാട്ടും കേട്ട് ഐഎഎസുകാരി ജോലി ചെയ്യുന്നു. മറുവശത്ത് ടി.വി കണ്ട് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലുകാരും ജോലി ചെയ്യുന്നു. ജനത്തിൻ്റെ നികുതി പണം തോന്നിയതുപോലെ ചെലവാക്കുന്നു എന്നർത്ഥം.