തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപി ഈ മാസം 23 വരെ അവധിയില്‍. കുടുംബാവശ്യത്തിന് വീട്ടിലേക്ക് പോയെന്നാണ് വിശദീകരണം. രണ്ട് ദിവസത്തിനകം മടങ്ങിയെത്തുമെന്ന് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തില്‍ സുരേഷ്ഗോപി പങ്കെടുക്കും. 23നാണ് തൃശൂരിലെ പര്യടനം പുനരാരംഭിക്കുക.

നേരത്തെ പ്രചാരണം തുടങ്ങിയ സുരേഷ്ഗോപി മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് മാറിനിന്നിരുന്നു. ഈ മാസം നാലിനാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രചാരണത്തില്‍ സജീവമായത്. സ്ഥാനാര്‍ത്ഥി അവധിയിലാണെങ്കിലും നേതാക്കളും പ്രവര്‍ത്തകരും ബൂത്ത് തലത്തില്‍ പ്രചാരണത്തിലാണ്.

അതേസമയം, ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സുരേഷ് ഗോപി അവധിയെടുത്ത് കുടുംബ കാര്യങ്ങളിലേക്ക് മടങ്ങിയതില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി പുകയുന്നുണ്ട്. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം നേരത്തെ നിശ്ചയിച്ച പൊതുപരിപാടികള്‍ ഒഴിവാക്കിയാണ് സുരേഷ് ഗോപി തിരുവനന്തപുരത്തേക്ക് മടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് നിരീക്ഷിക്കുന്ന മണ്ഡലമായിട്ടുകൂടി സുരേഷ് ഗോപിയുടെ അവധിയില്‍ ജില്ലാ നേതാക്കള്‍ അത്ര സന്തോഷത്തിലല്ല.