അബുദാബി നിക്ഷേപക സംഗമത്തിന് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ്; കേരളത്തിന് ചെലവായത് 2.27 കോടി; ടൂറിസം വകുപ്പിന്റെ സംഭാവന 75.94 ലക്ഷം; മുഖ്യമന്ത്രിയും മന്ത്രിമാരുടെയും യാത്ര വിലക്കിയ പരിപാടിക്ക് ചെലവായ കോടികളുടെ കണക്ക് പുറത്ത്
തിരുവനന്തപുരം: അബുദാബി നിക്ഷേപക സംഗമത്തിന് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ കേരളത്തിന് ചെലവായത് 2,27,82,423 രൂപ. അബുദാബിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവര്‍ നടത്തുന്ന സംഗമത്തിന്റെ സംഘാടകര്‍ അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്‌മെന്റ് ആയിരുന്നു. അവര്‍ക്ക് കേരളത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പണം നല്‍കിയത് കെ.എസ്.ഐ.ഡി.സിയാണ്.
1.30 കോടിയാണ് സ്‌പോണ്‍സര്‍ഷിപ്പ് ചെലവായി ആദ്യം നിശ്ചയിച്ചിരുന്നത്. ടൂറിസം, വ്യവസായം, ഐ.ടി എന്നീ 3 വകുപ്പുകള്‍ തുല്യമായി സ്‌പോണ്‍സര്‍ഷിപ്പ് പണം കെഎസ്ഐഡിസിക്ക് നല്‍കണമെന്നായിരുന്നു തീരുമാനം. സ്‌പോണ്‍സര്‍ഷിപ്പ് ചെലവുകള്‍ക്ക് 2.27 കോടി ആയെന്നും ടൂറിസം വകുപ്പ് 75.94 ലക്ഷം നല്‍കണമെന്നും കെഎസ്‌ഐഡിസി ആവശ്യപ്പെട്ടു.
പണം അനുവദിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം 16ന് 75.94 ലക്ഷം ടൂറിസം വകുപ്പ് അനുവദിച്ചു. എ.ഇ നിക്ഷേപ സംഗമത്തിന് കേരളവും സ്‌പോണ്‍സര്‍മാരായത് വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു.
നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ് എന്നിവര്‍ക്ക് കേന്ദ്രം യാത്രാനുമതി നല്‍കിയിരുന്നില്ല. അനുമതി നിഷേധിച്ചതിന്റെ കാരണം ഇന്നും ദുരൂഹമായി തുടരുന്നു. 2023 മേയ് 8 മുതല്‍ 10 വരെ അബുദാബിയില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ചത്. ഖജനാവില്‍ നിന്ന് 2.27 കോടി തുലച്ചതല്ലാതെ ഒരു നിക്ഷേപവും കേരളത്തില്‍ എത്തിയില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.