കൊച്ചി: അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

മാര്‍ച്ച് 20 ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.

അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ.പി ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഇന്നലെയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. സതീശന്‍ മത്സ്യവണ്ടിയില്‍ 150 കോടി രൂപ കടത്തിയെന്നും, തൃക്കാക്കരയിലെ സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനുപിന്നില്‍ പ്രതിപക്ഷ നേതാവാണെന്നുമാണ് ജയരാജന്റെ ആരോപണങ്ങള്‍.

ഇ.പി. ജയരാജന്റെ ഭാര്യക്ക് ഓഹരിയുള്ള കണ്ണൂരിലെ വൈദേകം റിസോര്‍ട്ട് ബി.ജെ.പി തിരുവനന്തപുരം സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള നിരാമയ കമ്പനി ഏറ്റെടുത്തത് സി.പി.എം-ബി.ജെ.പി പൊളിറ്റിക്കല്‍ ഡീല്‍ ആണെന്നായിരുന്നു വി.ഡി. സതീശന്റെ ആരോപണം. ആരോപണം തള്ളിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പക്ഷേ, വൈദേകം-നിരാമയ കരാര്‍ സംബന്ധിച്ച വിശദീകരണത്തിന് തയാറായിരുന്നില്ല.

പാര്‍ട്ടിയില്‍നിന്ന് പിന്തുണയില്ലെന്ന ഘട്ടത്തിലാണ് ഇ.പി. ജയരാജന്‍ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത ആക്ഷേപങ്ങളുമായി രംഗത്തുവന്നത്. വൈദേകത്തില്‍ ഭാര്യക്കുള്ള ഓഹരി വില്‍ക്കുകയാണ്. കമ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല. അതിനാലാണ് ഓഹരി വില്‍ക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.