ദില്ലിയില്‍ മെയ് 25 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖയോ മുഖംമൂടിയോ ധരിച്ച വനിതാ വോട്ടര്‍മാരെ പ്രത്യേക പരിശോധന നടത്തണമെന്ന ആവശ്യവുമായി ബിജെപി ദില്ലി നേതൃത്വം.

പാര്‍ട്ടിയുടെ ഒരു പ്രതിനിധി സംഘം ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസറെ (സിഇഒ) കാണുകയും വിഷയത്തില്‍ ഒരു അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഏഴ് ദില്ലി ലോക്സഭയിലെ ‘സാമൂഹിക വിരുദ്ധരും ജനാധിപത്യ വിരുദ്ധരും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുന്നത് തടയണമെന്നാണ് ആവശ്യം.

ബിജെപി എംഎല്‍എമാരായ അജയ് മഹാവാര്‍, മോഹന്‍ സിംഗ് ബിഷ്ത്, സംസ്ഥാന സെക്രട്ടറി കിഷന്‍ ശര്‍മ, അഭിഭാഷകന്‍ നീരജ് ഗുപ്ത എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ബുര്‍ഖ ധരിച്ച സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലുള്ള മണ്ഡലങ്ങളില്‍ ബുര്‍ഖ ധരിച്ച വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിക്കുകയും ക്രോസ് ചെക്ക് ചെയ്യണമെന്നുമാണ് ആവശ്യം.

ബുര്‍ഖ ധരിച്ച ധാരാളം സ്ത്രീകള്‍ വോട്ടിനായി പോളിംഗ് ബൂത്തുകളില്‍ എത്താറുണ്ട്. അതിനാല്‍, കള്ളവോട്ട് തടയുന്നതിന് വോട്ടുചെയ്യാന്‍ അനുവദിക്കുന്ന ഉചിതമായ സര്‍ക്കാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴി അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട് – അപേക്ഷയില്‍ പറയുന്നു.

തിരഞ്ഞെടുപ്പിന്റെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈപ്പുസ്തകത്തില്‍ ഒരു ഇലക്ടറുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് അവര്‍ പിന്തുടരേണ്ട നടപടികളും വിശദമാക്കുന്നുണ്ട്. ഹൈദരാബാദ് ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയെ ബുര്‍ഖ ധരിച്ച വോട്ടര്‍മാരെ പരിശോധനയ്ക്കായി മുഖം കാണിക്കാന്‍ പ്രേരിപ്പിച്ചതിന് തിരഞ്ഞെടുപ്പ് അധികാരികള്‍ കേസെടുത്തത് അടുത്തിടെ വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ആവശ്യം.