നിങ്ങളും വേറെ ലെവല്‍, ഒരുപാട് ഒരുപാട് സന്തോഷം! ആരാധകരോട് മലയാളത്തില്‍ സംസാരിച്ച് വിജയ്

തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ നടൻ വിജയെ പോലും ഞെട്ടിച്ചിരിക്കുകയാണ് കേരളത്തിലെ ആരാധകർ. ഹയാത്ത് റസിഡൻസിൽ താമസിക്കുന്ന താരത്തെ കാണാൻ പുറത്ത് ആരാധകരുടെ തിക്കും തിരക്കുമാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ കേരളത്തിൽ എത്തിയ ശേഷം ആദ്യമായി മലയാളം സംസാരിച്ച് തന്റെ ആരാധകരെ അഭിസംബോധന ചെയ്തിരിക്കുകയാണ് വിജയ്.

തൻ്റെ പതിവ് രീതിയില്‍ ബസിന് മുകളിൽ കയറി നിന്നായിരുന്നു വിജയുടെ ചെറുപ്രസംഗം. “എൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ.. നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. മഹാബലി വരുന്ന ഓണം ആഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ഉള്ളത്. എല്ലാവർക്കും കോടാനു കോടി നൻട്രികൾ. തമിഴ്നാട്ടിലെ എന്നുടെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവലിങ്കേ. നിങ്ങൾ നൽകുന്ന സ്നേഹത്തിന് വീണ്ടും കോടാനു കോടി നന്ദി അറിയിക്കുന്നു”.- വിജയ് പറഞ്ഞു. ഓരോ വാക്കുകളും കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.

തിങ്കളാഴ്ചയാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗം എത്തിയ താരത്തെ കാണാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വലിയ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും ഏറെ പണിപ്പെട്ടാണ് താരത്തിന്‍റെ വാഹനം കടത്തിവിട്ടത്. ഇതിനിടയില്‍ കാറിന്‍റെ റൂഫ് വഴി ആരാധകരെ വിജയ് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഹയാത്ത് ഹോട്ടലില്‍ എത്തിയ ശേഷമുള്ള വിജയിയുടെ കാറിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണു. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ടായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments