തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റേതാണ് ഉത്തരവ്. ആര്‍ടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

2019 ഡിസംബറില്‍ സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടാണിത്. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍. വിവരം പുറത്തുവിടുമ്പോള്‍ അവ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. ഉത്തരവു പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കമ്മീഷന്‍ 2019 ഡിസംബര്‍ 31 ന് കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സാധൂകരിക്കുന്ന വലിയ രേഖകളും സ്‌ക്രീന്‍ഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സഹിതമാണ് ഇത് സമര്‍പ്പിച്ചത്. അവസരങ്ങള്‍ക്ക് പകരമായി അഭിനേതാക്കളോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അടക്കം ആവശ്യപ്പെടുന്ന ‘കാസ്റ്റിംഗ് കൗച്ച്’ സിനിമാ വ്യവസായത്തിനുള്ളില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.