പത്തനംതിട്ട: പത്തനംതിട്ടയിൽ എ.കെ. ആൻ്റണി തനിക്കെതിരെ പ്രചരണത്തിന് എത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് മകൻ അനിൽ ആൻ്റണി. അപ്പൻ പത്തനംതിട്ടയിൽ എത്തുമെന്ന് ആരും പറഞ്ഞ് കേട്ടില്ലെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അനിൽ ആൻ്റണിയുടെ മറുപടി.

മകനെതിരെ പ്രചരണത്തിന് ഇറങ്ങാൻ അമ്മ എലിസബത്ത് സമ്മതിക്കില്ലെന്ന് അനിലിന് നന്നായറിയാം. ആൻ്റണിക്കാണെങ്കിൽ പഴയ ആരോഗ്യവും ഇല്ല. തിരുവനന്തപുരം വിട്ട് പുറത്തോട്ട് ആൻ്റണി പോയിട്ട് മാസങ്ങളായി.

ഏറ്റവും ഒടുവിൽ ആൻ്റണി തിരുവനന്തപുരം വിട്ടത് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാനായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം കെ.പി.സി.സി ഓഫിസിൽ പതിവ് പോലെ ആൻ്റണി എത്തും. 2 മണിക്കൂറോളം ചെലവിടും.

പുതുപ്പള്ളിൽ ചാണ്ടി ഉമ്മനു വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ ആൻ്റണി എത്തിയിരുന്നു. പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിക്ക് വേണ്ടി ആൻ്റണി എത്തുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. എത്തിയാൽ ബി.ജെ.പി സ്ഥാനാർത്ഥിയായ മകനെതിരെ പ്രസംഗിക്കേണ്ടി വരും. അതിന് എലിസബത്ത് സമ്മതിക്കുകയും ഇല്ല. ചെകുത്താനും കടലിനും ഇടയിലാണ് എ.കെ ആൻ്റണി യെന്ന് വ്യക്തം.

പി.സി. ജോർജോ , മകൻ ഷോൺ ജോർജോ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ച പത്തനംതിട്ടയിൽ അപ്രതിക്ഷിതമായാണ് അനിൽ ആൻ്റണിയെ ഇറക്കിയത്. പത്തനംതിട്ടയിൽ യാതൊരു ചലനങ്ങളും ഉണ്ടാക്കാൻ അനിലിന് കഴിയുന്നില്ലെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോർട്ടുകള്‍.

ബി.ജെ.പിയുടെ ഏറ്റവും ദുർബലനായ സ്ഥാനാർത്ഥി എന്ന വിശേഷണമാണ് അനിലിന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയിൽ ഇത്തവണ പോരാട്ടം യു.ഡി.എഫ് – എൽ.ഡി.എഫ് എന്ന നിലയിലേക്ക് മാറി.