ശമ്പളം മുടങ്ങി: ജാള്യത മറയ്ക്കാൻ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധപ്രകടനവുമായി സി.പി.എം സംഘടനകൾ

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങിയതിൻ്റെ ജാള്യതയിൽ ഇടതു സംഘടനകൾ. ശമ്പളവും പെൻഷനും മുടങ്ങിയതിൻ്റെ കാരണം കേന്ദ്ര സർക്കാരിനാണെന്ന ക്യാപ്സൂൾ ആണ് ഇടതു സംഘടനകൾ ഇറക്കുന്നത്. ശമ്പള മുടക്കത്തിന്റെ പാപഭാരം മുഴുവൻ കേന്ദ്രസർക്കാരിനുമേല്‍ ചാർത്താൻ ഇടത് സംഘടനകള്‍ അക്കൗണ്ടൻ്റ് ജനറൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്ഥാന സർക്കാരിൻ്റെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചത് എന്ന് കണക്കുകളിൽ നിന്ന് വ്യക്തമെങ്കിലും ഇടത് സംഘടനകളുടെയും ധനമന്ത്രിയുടെയും ക്യാപ്സൂള്‍ കേന്ദ്ര സർക്കാരിനെ പഴിചാരലാണ്. ധവളപത്രം ഇറക്കണമെന്ന പ്രതിപക്ഷ നേതാവിൻ്റെ ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുന്നതിൻ്റെ പശ്ചാത്തലവും മറ്റൊന്നല്ലെന്നും വ്യക്തമാണ്

ശമ്പളം കിട്ടിയത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രം

സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങി. ഇന്നലെ ശമ്പളം കിട്ടിയത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രം. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഐ.എ.എസുകാരുടെയും ശമ്പളം മുടങ്ങി.

സംസ്ഥാനത്ത് ആദ്യ പ്രവൃത്തി ദിവസം ശമ്പളം വിതരണം ചെയ്യേണ്ട വകുപ്പുകളിലാണ് ശമ്പളം മുടങ്ങിയത്. സെക്രട്ടേറിയറ്റ്, റവന്യു, പോലീസ്, ജയിൽ, എക്സൈസ്, പൊതുമരാമത്ത്, ജി എസ് ടി തുടങ്ങിയ വകുപ്പുകളിലാണ് ശമ്പളം മുടങ്ങിയത്. രണ്ടാം ദിവസം അധ്യാപകർക്ക് ശമ്പളം കൊടുക്കണ്ട ദിനമാണ്. 2 ലക്ഷത്തോളം പേർക്കാണ് രണ്ടാം ദിവസം ശമ്പളം കൊടുക്കേണ്ടത്.

ധനപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്ക് നിക്ഷേപിക്കാൻ ധനവകുപ്പ് കർശന നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.

6 ലക്ഷം പെൻഷൻകാരുടെ പെൻഷനും മുടങ്ങി. 7 ഗഡു ഡി.എ കുടിശികയാണ്. 22 ശതമാനം ആണ് ഡി.എ കുടിശിക. ഡി.എ കുടിശിക ആവശ്യപ്പെട്ട് സമരം ചെയ്ത ജീവനക്കാർ ശമ്പളം എങ്കിലും കൃത്യമായി കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ്.

ഇതിനിടയിലും സർക്കാർ ധൂർത്തിന് യാതൊരും കുറവും ഇല്ല. ഇന്ന് ആലപ്പുഴയിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ കർഷകരുമായുള്ള മുഖാമുഖത്തിൻ്റെ ചെലവിനായി 33 ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ആലപ്പുഴയിലെ ആഡംബര ഹോട്ടലായ കാമിലോട്ടിൽ ആണ് കർഷകരുടെ മുഖാമുഖം സംഘടിപ്പിച്ചിരിക്കുന്നത്. 2000 കോടി രൂപയോളം കർഷകർക്ക് കുടിശിക കൊടുക്കാനുണ്ട്.

അതൊന്നും കൊടുക്കാതെയാണ് ആഡംബര ഹോട്ടലിലെ മുഖാമുഖം. ഇതു പോലുള്ള നിരവധി ധൂർത്തുകളാണ് സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റിൻ്റെ നടുവൊടിച്ചത്. കെ എസ് ആർ ടി സി യുടെ അവസ്ഥയിലായി സംസ്ഥാന സർക്കാർ. ഇങ്ങനെ പോയാൽ ശമ്പളം കെഎസ്ആർടിസിയിൽ ലഭിക്കുന്നതുപോലെ മാസത്തിൽ രണ്ട് തവണയായാലും അൽഭുതപ്പെടേണ്ട.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments