രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കിയിരിക്കുമെന്ന് സുരേഷ് ഗോപി. എന്‍.ഡി.എ സംസ്ഥാന ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദി ഭരണത്തില്‍ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ്. അത് അടുത്ത തെരഞ്ഞെടുപ്പില്‍ വാഗ്ദാനമായി വരുമെങ്കില്‍, അതു നടപ്പാക്കിയെടുക്കുമെങ്കില്‍ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ.. അതു സംഭവിച്ചിരിക്കും. ‘കെ റെയില്‍ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരെങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍’ സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വെറും കേസെടുപ്പ് സര്‍ക്കാരായി അധഃപതിച്ചുവെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കേസ്, പറയുമെന്നു കരുതുന്നതായി ഗണിച്ചും കേസ് എന്നതാണ് സ്ഥിതി. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിന്റെ പ്രഥമ പൗരനുപോലും സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയാണ്.

പദയാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോഴും സംസ്ഥാനത്തെ അധമ ഭരണത്തിനുമേല്‍ ഇടിത്തീ വീഴട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി അഖിലേന്ത്യാ കമ്മിറ്റി അംഗം സി.രഘുനാഥ് അധ്യക്ഷത വഹിച്ചു.