നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ അത് രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് കോൺഗ്രസ് ദേശിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ഭൂരിപക്ഷം നേടുകയാണെങ്കിൽ പിന്നീട്‌ തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒഡീഷയിലെ ഭുവനേശ്വറിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഇന്നലെ ഇന്ത്യ മുന്നണിയില്‍ നിന്ന് ഒരു നേതാവിനെ അവര്‍ തട്ടിയെടുത്തു. നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നേതാക്കള്‍ക്ക് ഒന്നിനുപിറകേ ഒന്നായി നോട്ടീസ് അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ രീതി. ആളുകള്‍ ഭയത്താല്‍ സൗഹൃദങ്ങളും പാര്‍ട്ടികളും സഖ്യങ്ങളും വരെ ഉപേക്ഷിക്കുന്നു. ഇത്രയധികം ആളുകള്‍ ഭയപ്പെട്ടാല്‍ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ കഴിയുമോ.

ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്ന നിര്‍ണ്ണായകമായ അവസാന വോട്ടെടുപ്പ് ആയിരിക്കും ഇപ്പോഴത്തേത്. റഷ്യയിലെ വ്‌ലാദിമര്‍ പുടിന്റെ തെരഞ്ഞെടുപ്പിന് തുല്യമായിരിക്കും ഇനി രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍.

‘ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കേണ്ടതും തെരഞ്ഞെടുപ്പ് ആവര്‍ത്തിച്ച് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ജനങ്ങളുടെ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തിന്റെ നിലനില്‍പ്പ് ജനങ്ങളുടെ കൈകളിലാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ജനാധിപത്യം നിലനില്‍ക്കും. എന്നിരുന്നാലും, നിങ്ങള്‍ വിധേയരായി തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍, അത് നിങ്ങളുടേതാണ്, ”അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു.

‘ഈ വരുന്ന തെരഞ്ഞെടുപ്പ് ഒരുപക്ഷെ വോട്ട് ചെയ്യാനുള്ള നിങ്ങളുടെ അവസാനത്തെ അവസരം ആയിരിക്കും. ഇതിനുശേഷം ഒരു തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകില്ല,’അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരെയും അവരുടെ പ്രത്യായശാസ്ത്ര പങ്കാളിയായ ആർ.എസ്.എസിനെതിരെയും കരുതിയിരിക്കണമെന്നും പാർട്ടി പ്രവർത്തകരെ അദ്ദേഹം ഉപദേശിച്ചു.

‘ഈ രാജ്യത്തെ ഒരുമിപ്പിക്കാൻ ആണ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നത്. അദ്ദേഹം രാജ്യത്ത് സ്നേഹത്തിന്റെ കട തുറന്നപ്പോൾ ആർ.എസ്.എസും ബി.ജെ.പിയും വെറുപ്പിന്റെ കടയാണ് തുറന്നത്. അതുകൊണ്ട് നമ്മൾ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ബി.ജെ.പിയും ആർ.എസ്.എസും വിഷമാണ്. നമ്മുടെ അവകാശങ്ങൾ അവർ തട്ടിയെടുക്കുന്നു,’ കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞു.