കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്രക്ക് ഇന്ന് തുടക്കമാകും. കാസര്‍കോടാണ് യാത്രയുടെ ഉദ്ഘാടനം.

മോദിയുടെ ഗ്യാരന്റി, പുതിയ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സുരേന്ദ്രന്റെ യാത്ര. പദയാത്ര ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി മുന്നോട്ടുവെച്ച വികസന സങ്കല്‍പങ്ങള്‍ ജനഹൃദയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ഏറ്റെടുത്താണ് എന്‍ഡിഎ പദയാത്ര നടത്തുന്നതെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

2024 -ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളവും ചില തിരുത്തലുകള്‍ക്ക്, രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് തയ്യാറാകണം എന്ന അഭ്യര്‍ത്ഥന ജനങ്ങള്‍ക്ക് മുമ്പില്‍ ബി.ജെ.പി ഈ പദയാത്രയിലൂടെ വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ചെറിയൊരു മുന്നേറ്റമെങ്കിലും സൃഷ്ടിക്കാന്‍ കഴിഞ്ഞ ബി.ജെ.പിക്ക് കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിയാതെ പോകുന്നത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെങ്കിലും തിരുത്തിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് ബി.ജെ.പി. തൃശ്ശൂരില്‍ പ്രധാനമന്ത്രി തുടക്കമിട്ട പ്രചാരണത്തിന്റെ തുടര്‍ച്ചയായാണ് കെ. സുരേന്ദ്രന്റെ പദയാത്ര വരുന്നത്.