തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി. ആർ. അനിലിൻ്റെ ഔദ്യോഗിക വസതിയിൽ പുതിയ കാലിതൊഴുത്ത്. 2.96 ലക്ഷമാണ് ഭക്ഷ്യമന്ത്രിക്ക് കാലിതൊഴുത്ത് നിർമ്മിക്കാൻ അനുവദിച്ചത്.

2023 മെയ് 29 നാണ് ജി.ആർ. അനിലിൻ്റെ ഔദ്യോഗിക വസതിയായ അജന്തയിൽ പുതിയ കാലിതൊഴുത്ത് നിർമ്മാണത്തിന് ടെണ്ടർ ക്ഷണിച്ചത്. ശുദ്ധമായ പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന ഉപദേശം കിട്ടിയതിനെ തുടർന്നാണ് സ്വന്തമായി പശു വളർത്താൻ മന്ത്രി തീരുമാനിച്ചത്.

കാലിതൊഴുത്ത് നിർമ്മാണത്തിന് പുറമേ ക്ലിഫ് ഹൗസിലെ പോലെ ചാണക കുഴി നിർമ്മിക്കണം എന്ന് ജി ആർ അനിൽ ആവശ്യപ്പെടുമോ എന്ന ഉറ്റുനോക്കുകയാണ് ധനവകുപ്പ്.

3.72 ലക്ഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചാണക കുഴി നിർമ്മിക്കാൻ ചെലവായത്. ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത് നിർമ്മിക്കാൻ 42.50 ലക്ഷവും.

ശിപായിയെ ഗസറ്റഡ് ഓഫിസറാക്കി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ സ്ഥാനക്കയറ്റം നല്‍കിയത് മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. പേഴ്സണൽ സ്റ്റാഫിൽ ഓഫിസ് അറ്റൻഡന്റായി (ശിപായി) ജോലി ചെയ്യുന്ന അൽ ജിഹാനെ അഡീഷണൽ പി.എ ആയി ഉയർത്തിയിരിക്കുകയായിരുന്നു, ജി.ആർ. അനിൽ.

സെക്രട്ടറിയേറ്റിലെ ആദ്യ ഗസറ്റഡ് തസ്തികയായ സെക്ഷൻ ഓഫീസറുടെ ശമ്പളമാണ് അഡീഷണൽ പി.എക്ക് ലഭിക്കുന്നത്. 30,000 രൂപയാണ് ശിപായി തസ്തികയിൽ ലഭിക്കുന്നതെങ്കിൽ അഡീഷണൽ പി.എ ആയതോടെ ശമ്പളം 60,000 ആയി ഉയരും.

ശിപായിയെ ഗസറ്റഡ് ഓഫിസറാക്കാനുള്ള ജി.ആർ. അനിലിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി അനുമതി നൽകി. ഈ മാസം 12 ന് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവും ഇറങ്ങി.

എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിക്കുന്നവർ ഏറ്റവും കുറഞ്ഞത് 25 വർഷമെങ്കിലും ജോലി ചെയ്താൽ മാത്രമാണ് ഗസറ്റഡ് തസ്തിക ലഭിക്കുന്നത്. സെക്രട്ടേറിയേറ്റിൽ അസിസ്റ്റന്റ് ആയി ജോലി കയറുന്നവർ 14 വർഷം കഴിയണം ഗസറ്റഡ് തസ്തികയിൽ എത്താൻ .

2021 ജൂൺ മാസം ശിപായി ആയി ജോലിക്ക് കയറിയ പേഴ്സണൽ സ്റ്റാഫ് രണ്ടര വർഷം കഴിഞ്ഞപ്പോൾ ഗസറ്റഡ് ആയതിന്റെ ഞെട്ടലിലാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ. മന്ത്രിയുടെ പ്രിയങ്കരനായാൽ ഇതല്ല ഇതിലപ്പുറവും നടക്കും. മുഖ്യമന്ത്രിയുടെ ഒരൊറ്റ ഒപ്പില്‍ 30,000 രൂപയുടെ ശമ്പള വർധനവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അൽ ജിഹാൽ .