തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോള്‍ഷിപ്പ് വിതരണം നിലച്ചു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബജറ്റില്‍ വകയിരുത്തിയിരുന്ന 7.90 കോടി തടഞ്ഞുവെച്ചിരിക്കുന്നത്.

ബജറ്റില്‍ പറഞ്ഞ തുകയുടെ ഒരുരൂപ പോലും വിദ്യാര്‍ത്ഥികളിലേക്ക് എത്തിയിട്ടില്ലെന്നാണ് പ്ലാനിംഗ് ബോര്‍ഡ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

5000 രൂപയാണ് ഒരു കുട്ടിക്ക് സ്‌കോളര്‍ഷിപ്പായി ഒരു വര്‍ഷം ലഭിക്കേണ്ടത്. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പാണ് തടഞ്ഞ് വച്ചിരിക്കുന്നത്.

വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണെങ്കില്‍ ഇതൊന്നും അറിഞ്ഞമട്ടും ഇല്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 2 മാസം മാത്രം അവശേഷിക്കുമ്പോള്‍ സ്‌കോളര്‍ഷിപ്പ് തുക നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

നവകേരള സദസില്‍ പിണറായിയോടൊത്തു 44 ദിവസത്തെ ചുറ്റിക്കറങ്ങലിന് ശേഷം എത്തിയ ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ വകുപ്പ് വഴങ്ങുന്നില്ലെന്ന് തുടക്കം മുതല്‍ ആക്ഷേപം ഉണ്ട്. 2023 – 24 ലെ ബജറ്റില്‍ ഹയര്‍ സെക്കണ്ടറി സ്‌കോളര്‍ഷിപ്പിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെ:

‘ഹയര്‍ സെക്കണ്ടറി തലത്തില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി ബി.പി.എല്‍ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഈ പദ്ധതി.

പ്രതിവര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് 5000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഈ പദ്ധതി. നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികളില്‍ പഠിക്കാന്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രയോജനകരമാണ്. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ട്. 7.90 കോടി വകയിരുത്തിയിട്ടുണ്ട് ‘ .