പ്രധാനമന്ത്രി നരേന്ദ്രമോദി അനുഷ്ഠിക്കുന്ന കഠിന വ്രതത്തെ കുറിച്ചു വാർത്ത കുറിപ്പ് പിൻവലിച്ച് കേരളാ സർക്കാർ വിഭാഗമായ പി ആർ ഡിയുടെ വെബ്സൈറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിലൂടെയാണ് വാർത്ത പിൻവലിച്ചതെന്നാണ് സൂചന. പി ആർ ഡി വെബ് സൈറ്റിലൂടെയാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിന വ്രതം അനുഷ്ടിക്കുന്നുവെന്ന വാർത്ത പുറത്തറിയുന്നത്.

വാർത്തയും വീഡിയോയും വൈറലായി. ഇത് അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗ ഇടപെടൽ നടത്തി. പ്രധാനമന്ത്രിയെ താരവത്കരിക്കുന്ന സർക്കാർ റിപ്പോർട്ടിലെ വിമർശന സാധ്യത തിരിച്ചറിഞ്ഞായിരുന്നു ഇത്. അങ്ങനെ ആ വാർത്ത വെബ് സൈറ്റിൽ നിന്നും പിൻവലിച്ചു. നിലവിൽ യുആർഎൽ പരിശോധിച്ചാൽ പേജ് നോട്ട് ഫൗണ്ട് എന്ന സന്ദേശമാണ് കിട്ടുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിലാണ്. ഈ അന്വേഷണം അട്ടിമറിക്കാനുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനെല്ലാം മോദിയെ പുകഴ്‌ത്തി പി ആർ ഡി ഇറക്കിയ പത്രക്കുറിപ്പ് പുതിയ തലം നൽകുമായിരുന്നു. ഇത് മനസ്സിലാക്കി കൂടിയാണ് പി ആർ ഡിയുടെ വെബ് സൈറ്റിൽ നിന്നും വാർത്ത പിൻവലിപ്പിക്കുന്നത്. എറണാകുളം ജില്ലാ വിഭാഗം ഇറക്കിയ വാർത്ത കുറിപ്പുകളുടെ കൂട്ടത്തിൽ നിന്നും ഈ വാർത്ത ഇന്ന് രാവിലെ മുതൽ അപ്രത്യക്ഷമാണ്. രാഷ്ട്രീയ വിവാദം ഭയന്നാണ് ഇതു ചെയ്തതെന്നാണ് സൂചന.

പി ആർ ഡി വാർത്താകുറിപ്പിലൂടെയാണ് പ്രധാനമന്ത്രിയുടെ നിഷ്ഠ വിശദീകരിച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റ് വിരിച്ചായിരുന്നു കഴിച്ചതാകട്ടെ കരിക്കിൻ വെള്ളവും പഴങ്ങളും മാത്രം. വ്രതത്തിലായതിനാലാണ് പ്രധാനമന്ത്രി ബെഡ് ഉപയോഗിക്കുകയോ മറ്റ് ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യാതിരുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ പി ആർ ഡി വിഭാഗം അറിയിച്ചത്. ഇത് മറുനാടൻ വാർത്തയാക്കി. ചില മുഖ്യധാര പത്രങ്ങളിലും ഇത് വാർത്തയായി എത്തി. അവരൊന്നും പി ആർ ഡിയുടെ വാർത്താ കുറിപ്പാണെന്ന് പറയുന്നില്ല. മറുനാടൻ വാർത്തയിൽ നിന്നാണ് പ്രധാനമന്ത്രിയെ പുകഴ്‌ത്തി പി ആർ ഡി നൽകി വാർത്ത മുഖ്യമന്ത്രിയുടെ ഓഫീസ് അറിയുന്നത്. ഇതോടെയാണ് വാർത്ത പിൻവലിക്കാൻ നിർദ്ദേശം നൽകിയത്.

ഡ്രാഗൺ, ആപ്പിൾ, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് എന്നീ പഴങ്ങളാണ് മോദിക്ക് നൽകിയത്. പ്രധാനമന്ത്രിക്കായി കേരള, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. വെൽക്കം ഡ്രിങ്കായി കരിക്കിൻ വെള്ളമാണ് നൽകിയത്. പ്രധാനമന്ത്രിക്ക് വേണ്ടി കിങ് സൈസ് ബെഡ് തയാറാക്കിയിരുന്നു. എങ്കിലും നിലത്ത് വുഡൻ ഫ്‌ളോറിൽ യോഗ മാറ്റ് വിരിച്ച് അതിന്റെ മുകളിൽ ബെഡ് ഷീറ്റ് വിരിച്ചാണ് കിടന്നുറങ്ങിയതെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാർ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

കേരള സന്ദർശനത്തിന് 16 ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നത്. പിറ്റേദിവസം പുലർച്ചെ 4.30 ന് ഉണർന്ന് ചൂടുവെള്ളം കുടിച്ച ശേഷം യോഗ ചെയ്തു. എല്ലാ ജീവനക്കാർക്കും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും പി ആർ ഡിയുടെ വാർത്ത കുറിപ്പ് വിശദീകരിച്ചിരുന്നു. ഇതിന് മുമ്പ് അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കായി മോദി എങ്ങനെയാണ് വ്രതം നോക്കുന്നതെന്ന സൂചനകൾ പുറത്തു വന്നിരുന്നില്ല.