തിരുവനന്തപുരം: കേരളത്തിലേക്ക് യു.എ.ഇയില്‍ നിന്ന് നേരിട്ട് നിക്ഷേപം എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. മൂന്നാറിലും വാഗമണ്ണിലും ടൂറിസം ടൗണ്‍ ഷിപ്പ് നിര്‍മ്മാണം ഉള്‍പ്പെടെ കോടികളുടെ വിദേശ നിക്ഷേപമാണ് ലക്ഷ്യം വെക്കുന്നത്.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യു.എ.ഇ അംബാസിഡറുമായി ചര്‍ച്ചകള്‍ നടന്നു. മൂന്നാറിലും വാഗമണ്ണിലും ടൂറിസം ടൗണ്‍ ഷിപ്പ് നിര്‍മ്മാണം ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് കേരളം യു.എ.ഇയുമായി ചര്‍ച്ച നടത്തുന്നത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മുതലുള്ള കാര്യങ്ങളില്‍ യു.എ.ഇ ഇടപെടലുണ്ടാകും.

ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി 6 അംഗ വര്‍ക്കിംഗ് ഗ്രൂപ്പിനെ മുഖ്യമന്ത്രി നിയമിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ ടൂറിസം വകുപ്പില്‍ നിന്ന് ഈ മാസം 18 ന് ഉത്തരവും ഇറങ്ങിയിട്ടുണ്ട്. ടൂറിസം സെക്രട്ടറിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. റവന്യു, വനം, തദ്ദേശ ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും അംഗങ്ങളായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

2023 നവംബര്‍ 9 നാണ് സംസ്ഥാന സര്‍ക്കാര്‍ ടൂറിസം ടൗണ്‍ഷിപ്പ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് ടൂറിസം വകുപ്പ് ഡിസംബര്‍ 13 ന് റവന്യൂ വകുപ്പിന് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി (റവന്യൂ) ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ അറിയിപ്പ് പ്രകാരം പദ്ധതിക്കായി വാഗമണിലോ മൂന്നാറിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, റിസര്‍വ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് അനുമതി ലഭിച്ച് മാത്രമേ ഒരു വിദേശ രാജ്യത്തിന് സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ സാധിക്കൂ. കേന്ദ്രാനുമതിക്കുവേണ്ടിയുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പില്‍ യു.എ.ഇയിലെ റെഡ് ക്രസന്റ് എന്ന സ്ഥാപനം നേരിട്ടാണ് സര്‍ക്കാരുമായി ഇടപാട് നടത്തിയത്. 20 കോടിയുടെ പദ്ധതിയില്‍ കമ്മീഷനും ബ്രോക്കര്‍ ഫീസുമൊക്കെയായിട്ട് വലിയ ക്രമക്കേടുകളാണ് അന്ന് സംഭവിച്ചത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അടക്കം ലൈഫ് മിഷന്‍ കോഴ കേസില്‍ ജയിലും ആയിരുന്നു. അതുകൊണ്ടുതന്നെ യു.എ.ഇയുമായുള്ള സഹകരണത്തെ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മ പരിശോധന നടത്തുമെന്നാണ് കരുതുന്നത്.