അയോധ്യ: 2019-ൽ രാം ജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ വിധി പറഞ്ഞ അഞ്ച് സുപ്രീം കോടതി ജഡ്ജിമാരെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ച് ഉത്തർപ്രദേശ് സർക്കാർ. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് അബ്ദുൾ നസീർ തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ചായിരുന്നു അന്ന് വിധി പ്രഖ്യാപിച്ചത്.

നിലവിൽ രാഷ്ട്രപതി നാമനിർദേശംചെയ്ത രാജ്യ സഭാ എം.പിയാണ് രഞ്ജൻ ഗൊഗോയ്. ബോബ്‌ഡെ, 2021 വരെ ചീഫ് ജസ്റ്റിസായിരുന്നശേഷം വിരമിച്ചു. നിലവിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് ഡി.വൈ. ചന്ദ്രചൂഡ്. അശോക് ഭൂഷൺ 2021-ൽ സുപ്രീം കോടതി ജഡ്ജായി വിരമിച്ചു. അബ്ദുൾ നസീർ നിലവിൽ ആന്ധ്രാപ്രദേശിന്റെ ഗവർണറാണ്.

അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കായി ഇതുവരെ ഏഴായിരത്തോളം അതിഥികളെ ക്ഷണിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ഇതിൽ മൂവായിരത്തോളം വി.വി.ഐ.പികളും പുരോഹിതന്മാരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടുന്നു. മുൻ ചീഫ്ജസ്റ്റിസുമാരും ജഡ്ജുമാരും പ്രമുഖ അഭിഭാഷകരുമടക്കം നീതി-ന്യായ രംഗത്തെ വിവധ തുറകളിൽനിന്നും നിരവധി പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.