തിരുവനന്തപുരം : മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം നടത്തുന്നതിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ . കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരെ ഇത്തരം നിലപാടുണ്ട്. അന്വേഷണം നടക്കട്ടെ. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണം. കോൺഗ്രസ് ഇക്കാര്യത്തിൽ അവസരവാദ നിലപാട് എടുക്കുന്നു. ഇഡി അന്വേഷണത്തിൽ പോലും കോൺഗ്രസിന് ഇരട്ട നിലപാടാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട നീക്കമാണിതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം എംടിയുടെ പരാമർശത്തിലും രാമക്ഷേത്ര പ്രതിഷ്ഠാ വിഷയത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. സാഹിത്യകാരൻമാരായാലും കലാകാരൻമാരായാലും ഉന്നയിക്കുന്ന വിമർശനങ്ങൾ കാത് കൂർപ്പിച്ച് തന്നെ കേൾക്കും. അതിനനുസരിച്ച് മാറ്റം ആവശ്യമെങ്കിൽ വരുത്തും. ക്രിയാത്മക നിലപാടിനൊപ്പമാണ് സിപിഎം എന്നും. വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎം. കേന്ദ്രത്തിനെതിരായ സമരം 16ന് എൽഡിഎഫ് തീരുമാനിക്കുമെന്നുമെന്നായിരുന്നു എംടിയുടെ പരാമർശത്തിൽ എംവി ​ഗോവിന്ദൻ പ്രതികരിച്ചത്.

അയോധ്യ വിഷയത്തിൽ ഉറച്ച നിലപാടെടുക്കാൻ കേരളത്തിലെ കോൺഗ്രസിന് പോലും ആദ്യം കഴിഞ്ഞില്ല. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വം ഇപ്പോഴും ബിജെപി നിലപാടിനൊപ്പമാണ്. ഇടത്പാർട്ടികൾ വിശ്വാസികളുടെ വിശ്വാസത്തിന് ഒപ്പം നിൽക്കും, പക്ഷെ പണി പൂർത്തിയാകാത്ത രാമക്ഷേത്രം രാഷ്ട്രീയ ലക്ഷ്യം വെച്ച് ഉദ്ഘാടനം ചെയ്യുന്ന വർഗ്ഗീയതക്ക് ഒപ്പം ഇല്ല. നവകേരള സദസ്സ് ചരിത്രപരമായ വൻ മുന്നേറ്റമാണ്.

ഒന്നാം പിണറായി സ‍ർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചെങ്കിൽ രണ്ടാം പിണറായി കാലത്തെ വലിയ മുന്നേറ്റമായിരുന്നു സദസ്സ്. ജനകീയ വിദ്യാഭ്യാസത്തിന്റെ പുതിയ അധ്യായമാണ്. 35 ലക്ഷം ജനങ്ങളുമായി സംവദിച്ചു. സമൂഹ മാധ്യമങ്ങൾ വഴി അടക്കം ഒന്നര കോടി ജനങ്ങളുമായി സംവദിച്ചു. യുഡിഎഫ് ബദൽ പരിപാടി ജനങ്ങളില്ലാതെ ശോഷിച്ചു. കലാപാഹ്വാനം നടത്തി, രാഷ്ട്രീയമായി സമനില തെറ്റിയിരിക്കുകയാണ് പ്രതിപക്ഷത്തിനെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.