തിരുവനന്തപുരം: നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഐ.എ.എസിനും ഡ്രൈവര്‍ക്കും വാഹനാപകടത്തില്‍ പരിക്ക്. മൂന്നാര്‍ എറണാകുളം പാതയില്‍ വെച്ചായിരുന്നു അപകടം.

അപകട സമയത്ത് ഇദ്ദേഹം ഉപയോഗിച്ചിരുന്നത് ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള വാഹനമായിരുന്നു. ഇതോടെ സര്‍ക്കാര്‍ വാഹന ദുരുപയോഗത്തിലും യാത്രയിലും ദുരൂഹതകള്‍ ഉയരുകയാണ്.

5 ദിവസം മുമ്പ് നടന്ന വാഹന അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ക്കും ജയതിലകിനും പരിക്കേല്‍ക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ അഡീഷണല്‍ ചീഫ് സെക്രട്ടറി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് നാല് ദിവസം നിരീക്ഷണത്തിലിരുന്നത്. ഡ്രൈവറുടെ പരിക്ക് ഗൗരവമുള്ളതായതിനാല്‍ ഇപ്പോഴും ചികിത്സയിലാണ്.

ചട്ടം ലംഘിച്ച് സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിനാല്‍ അപകട വിവരം പുറത്ത് പറയരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഉന്നത ഉദ്യോഗസ്ഥർ ഡ്രൈവര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇഷിത റോയ് ഡല്‍ഹിയില്‍ ഔദ്യോഗിക യാത്രയില്‍ ആയിരിക്കുമ്പോഴാണ് നികുതി അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് വാഹനം ദുരുപയോഗം ചെയ്തത്.

ജയതിലകിന്റെ ആദ്യ ഭാര്യയാണ് ഇഷിത റോയ്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രി ഉടമയുടെ ബന്ധുവിനെയാണ് ജയതിലക് രണ്ടാമത് വിവാഹം കഴിച്ചത്.

ചികില്‍സക്ക് കിംസ് ആശുപത്രിയില്‍ പോകാതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തെരഞ്ഞെടുത്ത ജയതിലകിന്റെ നടപടിയും ദുരൂഹത ആരോപിക്കുന്നുണ്ട്. വിദേശയാത്രയുമായി ബന്ധപ്പെട്ട് ഇഷിത റോയിയും ജയതിലകും കേന്ദ്ര ഏജന്‍സികളുടെ വക അന്വേഷണം നേരിടുന്നുണ്ട്.

പിണറായിയുടെ സൂപ്പര്‍ ചീഫ് സെക്രട്ടറി എന്ന പേരിലാണ് ജയതിലക് അറിയപെടുന്നത്. വീണ വിജയന്റെ എക്‌സാ ലോജിക്ക് കമ്പനിയെ കുറിച്ചുള്ള പരാതിയില്‍ വീണ വിജയന് അനുകൂലമായ നിലപാടാണ് ജയതിലക് എടുത്തത്. ഇതോടെ പിണറായി കുടുംബത്തിനും ജയതിലക് പ്രിയപ്പെട്ടവനാണ്.

മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് നികുതി, എക്സൈസ് വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക്. മുട്ടില്‍ മരംമുറി സമയത്ത് പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ നോക്കാതെ മുന്നിട്ടിറങ്ങിയത് അന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയ ജയതിലകായിരുന്നു.

വിവരവകാശ ചോദ്യത്തിന് മറുപടിയായി മുട്ടില്‍ മരംമുറി ഫയല്‍ നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ്സര്‍വിസ് എന്‍ട്രി എടുത്തു കളഞ്ഞ കുപ്രസിദ്ധിയും ജയതിലകിനുണ്ട്. മുട്ടില്‍ മരം മുറിയോട് കൂടി ജയതിലക് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ആയതോടെ സുപ്രധാനമായ നികുതി, എക്സൈസ് വകുപ്പിന്റെ തലപ്പത്ത് ജയതിലകിനെ മുഖ്യമന്ത്രി പ്രതിഷ്ഠിച്ചു. ഇത് കൂടാതെ അല്ലറ ചില്ലറ വകുപ്പുകള്‍ വേറെയും.

സര്‍ക്കാരിന്റെ വിവാദമായ മദ്യനയം ജയതിലകിന്റെ സംഭാവനയാണ്. തെരഞ്ഞടുപ്പ് ഫണ്ടിലേക്ക് കോടികള്‍ ലഭിക്കുന്ന മദ്യനയത്തോടു കൂടി പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനും ജയതിലക് പ്രിയങ്കരനായി. മാത്യു കുഴല്‍ നാടന്റെ രൂപത്തിലായിരുന്നു ജയതിലകിന് ഓണം ബംബര്‍ അടിച്ചത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മാസപ്പടിയില്‍ പ്രതിസന്ധിയിലായ പിണറായി കുടുംബത്തെ വെട്ടിലാക്കി ഐ.ജി.എസ്.ടി തട്ടിപ്പ് പരാതി മാത്യു ധനമന്ത്രി ബാലഗോപാലിന് നല്‍കി. ഇത് അന്വേഷിക്കാനുള്ള ചുമതല നികുതി വകുപ്പിന്റെ തലപ്പത്തുള്ള ജയതിലകില്‍ എത്തിച്ചേര്‍ന്നു. നികുതി കമ്മീഷണര്‍ക്ക് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പതിവ് ചടങ്ങു പോലെ ജയതിലകിന്റെ ഉത്തരവ്. വീണ കര്‍ണാടകയില്‍ നികുതിയടച്ചെന്നും സ്വകാര്യത മാനിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും കാട്ടി നികുതി കമ്മീഷണര്‍ റിപ്പോര്‍ട്ട് എഴുതി ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു.

വീണയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയതോടെ പിണറായിക്ക് മാത്രമല്ല പിണറായി കുടുംബത്തിന്റെയും വിശ്വസ്തനായി ജയതിലക് മാറി. ഇതോടെ സെക്രട്ടറിയേറ്റിലെ മുടി ചൂഢാമന്നനായി മാറിയ ജയതിലകിനെതിരെ നിരവധി പരാതികളും ഉയര്‍ന്നിരുന്നു.

ജയതിലക് ലീവ് എടുക്കാതെ ടൂര്‍ അടിക്കുന്നു, മടങ്ങി വന്ന് ഡ്യൂട്ടി ആയി കാണിച്ച് ശമ്പളം വാങ്ങുന്നു എന്നൊക്കെയാണ് പരാതികള്‍. സെക്രട്ടേറിയേറ്റില്‍ ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജയതിലകിന് ഇതൊന്നും ബാധകമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഇഷിത റോയ് ആണ് ജയതിലകിന്റെ ആദ്യ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. രണ്ട് കുട്ടികളും ഇവര്‍ക്ക് ഉണ്ട്. സഞ്ചാരപ്രിയനായ ജയതിലക് ഇഷിതയുമായുള്ള വിവാഹമോചനത്തിന് ശേഷം തിരുവനന്തപുരത്തെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയുടെ മുതലാളിയുടെ സഹോദരിയെ വിവാഹം കഴിച്ചു.

ജയതിലകിന് അനുവദിച്ചിരിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങളില്‍ ഒന്ന് ഭാര്യയുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്നുവെന്നും ആക്ഷേപമുണ്ട്. മുന്തിയ വാഹനം വീട്ടിലുണ്ടെങ്കിലും സര്‍ക്കാര്‍ ഇന്നോവ ക്രിസ്റ്റ പലര്‍ക്കും ദൗര്‍ബല്യമാണ്. ഐ.എ.എസുകാര്‍ക്ക് ഒരു സര്‍ക്കാര്‍ വാഹനം മാത്രമാണ് ചട്ടപ്രകാരം ഉള്ളത്. വകുപ്പുകളുടെ എണ്ണം കൂടുന്നതനുസരിച്ച് സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണം കൂട്ടാന്‍ സൗകര്യമുണ്ട്.

സര്‍ക്കാര്‍ സെക്രട്ടറിമാരുടെ വീട്ടില്‍ രണ്ടും മൂന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ കിടക്കുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്. ജയതിലകിന്റെ ഇടക്കിടെയുള്ള യാത്രകള്‍ മൂലം നികുതി വകുപ്പില്‍ ഫയലുകള്‍ കുന്നുകൂടുന്നു എന്നാണ് റിപ്പോര്‍ട്ട്.