തിരുവനന്തപുരം : എം.പിയാകാൻ സുരേഷ് ​ഗോപിയെ പോലെ താനും യോ​ഗ്യനെന്ന് നടൻ കൊല്ലം തുളസി . താനും സുരേഷ് ഗോപിയും ഒരേ ദിവസമാണ് ബിജെപിയിൽ എത്തിയതെന്നും സുരേഷ് ​ഗോപി അവിടെ നിന്ന് ഉയർന്നതത് സെലിബ്രട്ടി സ്റ്റാറ്റസ് കൊണ്ടാണെന്നും കൊല്ലം തുളസി പറ‍ഞ്ഞു. ഇരുവരും ബിജെപിയിൽ ചേർന്നത് ഒരേ സമയമാണെ​ങ്കിലും രണ്ട് പേരോടും പാർട്ടിക്കുള്ള സമീപനം വ്യത്യസ്തമാണെന്നും കൊല്ലം തുളസി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പരാമർശം.

കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ ‘സുരേഷ് ഗോപിയും ഞാനും ബിജെപിയിലേക്ക് ഒരു ദിവസം വന്നതാണ്. ഒരു കേന്ദ്ര മന്ത്രിയാണ് ഞങ്ങൾക്ക് മെമ്പർഷിപ്പ് നൽകിയത്. ഓൺലൈൻ മെമ്പർഷിപ്പായിരുന്നു. പക്ഷെ സുരേഷ് ഗോപി എവിടെയോ എത്തി.

സുരേഷ് ഗോപി എത്ര കണ്ട് മുന്നോട്ട് പോയി, ഞാൻ എത്ര കണ്ട് പിന്നോട്ട് പോയി. സുരേഷ് ഗോപിയേക്കാൾ നന്നായി ഞാൻ പ്രസംഗിക്കും. എന്നെയൊരു പ്രസംഗ തൊഴിലാളിയായി കൊണ്ടു നടന്നിട്ടുണ്ട്. സ്റ്റാർ ആയതിനാൽ കയറി പോയതാണ്. അല്ലെങ്കിൽ രാജ്യസഭാംഗമായിരിക്കാനുള്ള യോഗ്യത എനിക്കുണ്ട്. പലരും പറഞ്ഞിട്ടുണ്ട്. അതിൽ ഞാൻ പരിഭവിച്ചിട്ട് കാര്യമില്ല. എനിക്ക് അത്രയേ വിധിച്ചിട്ടുള്ളൂ.

ബിജെപി ഞാൻ ഉണ്ടായിരുന്നപ്പോൾ, ഇപ്പോൾ ഞാനില്ല, എന്നോടുള്ള സമീപനം വേറെയായിരുന്നു. സുരേഷ് ഗോപി ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ കഴിവുകൊണ്ടാണ്. പിന്നെ ചില ആളുകൾ സഹായിച്ചിട്ടുമുണ്ട്. എനിക്കത് കിട്ടിയിട്ടില്ല. എന്നെ എങ്ങനെ ഒതുക്കാം എന്നാണ് ഇവിടുത്തെ ജില്ലാ നേതാക്കൾ നോക്കിയത്’ കൊല്ലം തുളസി പറഞ്ഞു.