തിരുവനന്തപുരം: സൗകര്യം പോരെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോർജ് ഉപേക്ഷിച്ച ഔദ്യോഗികവസതി ഏറ്റെടുത്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കന്റോൺമെന്റ് ഹൗസിനടുത്തുള്ള നിളയിൽ കുടുംബ സമേതം താമസിക്കാൻ ഒരുങ്ങുകയാണ് കടന്നപ്പള്ളി രാമചന്ദ്രൻ.

വീണ ജോർജ് ഉപേക്ഷിച്ച വീട് കടന്നപ്പള്ളിക്ക് ഇഷ്ടപ്പെട്ടു. കടന്നപ്പള്ളി താമസിക്കാൻ എത്തുന്നതിന് മുന്നോടിയായി പെയിന്റിംഗ് ഉൾപ്പെടെയുള്ള ചില മിനുക്ക് പണികൾ നിളയിൽ നടക്കും. ആന്റണി രാജുവിന്റെ ഔദ്യോഗിക വസതി മൻമോഹൻ ബംഗ്ലാവിനോട് മന്ത്രിമാർക്ക് താൽപര്യമില്ല.

മൻമോഹൻ ബംഗ്ലാവിൽ താമസിച്ചവർ പിന്നിട് രാഷ്ട്രീയ വനവാസത്തിലായി എന്ന അന്ധവിശ്വാസം മന്ത്രിമാരുടെ ഇടയിൽ ശക്തമാണ്. മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ച രാഷ്ട്രീയക്കാര്‍ അടിക്കടി വിവാദങ്ങളില്‍പെട്ടതും, പലര്‍ക്കും രാജിവെച്ച് പടിയിറങ്ങേണ്ടി വന്നതും ബംഗ്ലാവ് രാഷ്ട്രീയക്കാര്‍ക്ക് ‘രാശിയില്ലാത്ത’ ഇടമാണെന്ന കഥ വ്യാപകമായി പ്രചരിക്കാന്‍ കാരണമായി.

മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ച എ.കെ ജോണിന് ബംഗ്ലാവും സ്ഥാനവും പെട്ടെന്ന് ഒഴിയേണ്ടി വന്നിരുന്നു. കരുണാകരന്‍ ആഭ്യന്തര മന്ത്രിയായി മന്‍മോഹന്‍ ബംഗ്ലാവില്‍ കാലാവധി തികച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രിയായി ഒരു മാസത്തിനുള്ളില്‍ കരുണാകരനും ബംഗ്ലാവില്‍ നിന്നിറങ്ങേണ്ടി വന്നു.

ആര്‍.ബാലകൃഷ്ണ പിള്ളയ്ക്ക്‌ വിനയായത് പഞ്ചാബ് മോഡല്‍ പ്രസംഗമാണ്. ഇതോടെ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ച ബാലകൃഷ്ണ പിള്ളയ്ക്കും സ്ഥാനമൊഴിയേണ്ടി വന്നു. നിലവില്‍ മന്ത്രിയായ മകൻ കെ.ബി. ഗണേഷ് കുമാർ ഔദ്യോഗിക വസതി വേണ്ടെന്ന് വെച്ചതും ചിലപ്പോള്‍ ഈ ബംഗ്ലാവിനെക്കുറിച്ച് ഓർത്തിട്ടാകാം.

പിന്നീട് വി.എസ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണനാണ് മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത്. കോടിയേരി ബംഗ്ലാവില്‍ താമസം തുടങ്ങിയതിന് പിന്നാലെ വീടിനും ഗേറ്റിനും മാറ്റങ്ങള്‍ വരുത്താന്‍ 17.40 ലക്ഷം രൂപ ചെലവിട്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു.

ഇതിന് പിന്നാലെ കോടിയേരി മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നും താമസം സമീപത്തെ ഫ്‌ളാറ്റിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാന്‍ ബംഗ്ലാവ് പരിഗണിച്ചെങ്കിലും നടന്നില്ല. നവംബറില്‍ പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിള മന്‍മോഹന്‍ ബംഗ്ലാവില്‍ താമസം ആരംഭിച്ചു. എന്നാല്‍ ഭൂമിയിടപാടിലെ ക്രമക്കേടിന്റെ പേരില്‍ 2007 സെപ്തംബറില്‍ കുരുവിളയ്ക്ക് രാജിവെക്കേണ്ടി വന്നു.

പകരം മന്ത്രിയായ മോന്‍സ് ജോസഫിന് ഈ കെട്ടിടം അനുവദിച്ചെങ്കിലും പി.ജെ ജോസഫ് കുറ്റവിമു്ക്തനായി തിരിച്ചുവന്നതോടെ മന്ത്രി മന്ദിരം മോന്‍സ് ജോസഫിന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. 2010ല്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറിയ പിജെ ജോസഫ് മന്ത്രിപദം രാജിവെച്ച് ബംഗ്ലാവ് ഒഴിഞ്ഞു.

പിന്നീട് 2011ല്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത് ആര്യാടന്‍ മുഹമ്മദാണ്. സോളാര്‍ കേസില്‍ നിരവധി ആരോപണങ്ങള്‍ നേരിട്ടെങ്കിലും ആര്യാടന്‍ കാലാവധി പൂര്‍ത്തിയാക്കി. ഐസക്കും മൻമോഹൻ ബംഗ്ലാവിൽ താമസിച്ച് കാലാവധി പൂർത്തിയാക്കിയ മന്ത്രിയാണ്. ഐസക്കിന് 2021 ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതും രാശിയില്ലാത്ത കെട്ടിടമാണ് മൻമോഹൻ ബംഗ്ലാവ് എന്ന അന്ധവിശ്വാസത്തിന് ശക്തി നൽകി.