തിരുവനന്തപുരം: പൊതുപരീക്ഷകളില്‍ എ പ്ലസ് വാരിക്കോരി കൊടുക്കുന്നതിനെ വിമർശിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ കസേര തെറിക്കും.

അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടുന്നുവെന്ന ഷാനവാസിന്റെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ഷാനവാസിനെ മാറ്റാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. അടുത്ത ദിവസങ്ങളില്‍ ഷാനവാസിനെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങും. വിവാദ പരാമര്‍ശത്തില്‍ ഷാനവാസിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. റിപ്പോര്‍ട്ട് ഇന്ന് ഷാനവാസ് നല്‍കുമെന്നാണ് സൂചന.

ഷാനവാസ് പറഞ്ഞ കാര്യത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ റിപ്പോര്‍ട്ട് ചോദിച്ചതില്‍ അദ്ധ്യാപക സംഘടനകള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ തയ്യാറാക്കലിന് മുന്നോടിയായുള്ള ശില്‍പശാലയില്‍ ആയിരുന്നു ഷാനവാസിന്റെ വിവാദ പരാമര്‍ശം.

കുട്ടികളുടെ പഠന നിലവാരം സംബന്ധിച്ച ഷാനവാസിന്റെ ശബ്ദരേഖ ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു നവകേരള സദസ് യാത്രയിലായിരുന്നു മന്ത്രി ശിവന്‍ കുട്ടിയുടെ പ്രതികരണം.

സംസ്ഥാനത്തെ സ്‌കൂളുകളുടെ നിലവാരത്തെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചടിയായിരിക്കുകയാണ് ഷാനവാസിന്റെ പരാമര്‍ശം. ഷാനവാസ് നല്‍കുന്ന മറുപടി എന്തു തന്നെയായാലും ഷാനവാസ് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് ഇടത് സഹയാത്രികരില്‍ നിന്ന് പോലും വിമര്‍ശനം ഉയരുന്നു.

പൊതു വിദ്യാഭ്യാസം കുത്തഴിഞ്ഞ് കിടക്കുന്നു എന്നാണ് ഷാനവാസിന്റെ പ്രസംഗത്തിന്റെ സാരം. പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തും നിലവാരം കുത്തനെ കുറഞ്ഞു എന്ന് സമീപകാല സംഭവങ്ങളില്‍ നിന്ന് വ്യക്തം.

ഇംഗ്ലീഷില്‍ ഡോക്ടറേറ്റ് ഉള്ളവര്‍ പോലും നേരെ ചൊവ്വെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതിന്റെ ഉദാഹരണമാണ് മന്ത്രി ബിന്ദുവും ചിന്താ ജെറോമും. പി.എച്ച്.ഡി രജിസ്റ്റര്‍ ചെയ്ത എ.എ. റഹീമിന്റെ രാജ്യസഭ പ്രസംഗവും ഇതിനോട് കൂട്ടി വായിക്കാം. ഷാനവാസിനെതിരെ നടപടി ഉണ്ടായാലും ഷാനവാസ് പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് വ്യക്തം.