ന്യൂഡല്‍ഹി: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ തോല്‍ക്കാന്‍ കാരണം ദുശ്ശകുനം കാരണമാണെന്ന് രാഹുല്‍ ഗാന്ധി. ഫൈനല്‍ കാണാന്‍ ദുശ്ശകുനം എത്തിയതോടെയാണ് ഇന്ത്യ തോറ്റതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നംവെച്ച് രാഹുലിന്റെ പരിഹാസം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ഇന്ത്യ തോറ്റത് മോദിയുടെ സാന്നിധ്യം കൊണ്ടാണ്. ഇന്ത്യ നന്നായി കളിച്ച് ഒറ്റ കളിയും തോല്‍ക്കാതെ ഫൈനല്‍ വരെ എത്തിയതാണ്. എന്നാല്‍ ദുശ്ശകുനമായി മോദി ഫൈനല്‍ മത്സരം കാണാനെത്തിയതോടെ കളി തോറ്റ് ഇന്ത്യ പുറത്തായി.-എന്നായിരുന്നു രാഹുലിന്റെ പരിഹാസം. രാജസ്ഥാനിലെ ജാലോറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുമ്പോഴാണ്, രാഹുല്‍ ദുശ്ശകുന പരാമര്‍ശം നടത്തിയത്. പ്രസംഗത്തിനിടെ സദസില്‍നിന്ന് ഇതേക്കുറിച്ച് ആരോ സൂചിപ്പിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

നേരത്തേ സമൂഹമാധ്യമങ്ങളിലും ഇതേ രീതിയിലുള്ള പരിഹാസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ നരേന്ദ്രമോദി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് സമൂഹമാധ്യമങ്ങള്‍ പരിഹാസം ചൊരിഞ്ഞത്. എന്നാല്‍ രാഹുലാണ് കോണ്‍ഗ്രസിന്റെ അപശകുനമെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.

‘നമ്മുടെ ടീം ഇത്തവണ ലോകകപ്പ് നേടേണ്ടതായിരുന്നു. പക്ഷേ, ദുശ്ശകുനം എത്തിയതോടെ ടീം തോറ്റു. ടെലിവിഷനില്‍ ചാനലുകള്‍ അക്കാര്യം കാണിക്കില്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ ജനത്തിന് എല്ലാം അറിയാം’ സദസില്‍ നിന്നുള്ള നിറഞ്ഞ കയ്യടികള്‍ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന്റെ വിഡിയോ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്.