മന്ത്രി ശിവന്‍കുട്ടിയുടെയും ഭാര്യയുടെയും ചികിത്സക്ക് ചെലവ് 10.12 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാന ഭരണാധികാരികള്‍ സ്വന്തം ആരോഗ്യകാര്യം വന്നാല്‍ ആദ്യം ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയെന്ന് സര്‍ക്കാര്‍ രേഖകള്‍. മുഖ്യമന്ത്രിയുടെ ചികിത്സ വിദേശത്താണെങ്കില്‍ മറ്റ് മന്ത്രിമാരുടേത് രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ തന്നെ.

വിദ്യാഭ്യാസ മന്ത്രി. വി. ശിവന്‍കുട്ടിയുടയും ഭാര്യ പാര്‍വ്വതിദേവി യുടേയും ചികില്‍സക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത് 10,12,894 രൂപ. തിരുവനന്തപുരത്ത് പേരുകേട്ട സര്‍ക്കാര്‍ ആശുപത്രികള്‍ ധാരാളമുണ്ടെങ്കിലും അസുഖം വന്നാല്‍ ശിവന്‍ കുട്ടിയും ഭാര്യയും എത്തുന്നത് കിംസ് ആശുപത്രിയിലേക്കാണ്. സര്‍ക്കാര്‍ ആശുപത്രികളിലുള്ള വിശ്വാസകുറവാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടി വരും.

കിംസ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ ആണ് മന്ത്രി വി. ശിവന്‍കുട്ടി ചികില്‍സ തേടിയത്. കിംസ് ആശുപത്രിയിലെ എന്‍ഡോക്രൈനോളജി വിഭാഗത്തിലാണ് ശിവന്‍കുട്ടിയുടെ ഭാര്യ പാര്‍വ്വതി ദേവി ചികില്‍സ തേടിയത്.

മുന്‍ പി.എസ്.സി അംഗമാണ് പാര്‍വ്വതി ദേവി. പ്രമേഹ ചികില്‍സക്കും മന്ത്രി എത്തുന്നത് സ്വകാര്യ ആശുപത്രിയിലേക്കാണ്. ജ്യോതിദേവ്‌സ് ഡയബറ്റിസ് ആന്റ് റിസര്‍ച്ച് സെന്ററിലാണ് ശിവന്‍കുട്ടിയുടെ പ്രമേഹ ചികില്‍സ. 2022 മാര്‍ച്ച് 31ന് 1,47,885 രൂപയും 2022 ഒക്ടോബര്‍ 19ന് 1,40,934 രൂപയും കിംസ് ആശുപത്രിയിലെ ശിവന്‍കുട്ടിയുടേയും ഭാര്യയുടേയും ചികില്‍സക്ക് അനുവദിച്ചു.

മന്ത്രിയുടെ പ്രമേഹ ചികില്‍സക്ക് 2022 ഏപ്രില്‍ 11 ന് 2,97,889 രൂപയും 2022 ഒക്ടോബര്‍ 29 ന് 2,93,779 രൂപയും 2023 ഒക്ടോബര്‍ 30 ന് 1,32,407 രൂപയും അനുവദിച്ചു. ചികില്‍സ കഴിഞ്ഞ ഉടനെ പണം ആവശ്യപ്പെട്ട് ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഒന്നോ രണ്ടോ മാസം താമസിച്ചാലും ശിവന്‍കുട്ടിയുടെ ചികില്‍സക്ക് ചെലവായ പണം മുഖ്യമന്ത്രി അനുവദിക്കും.ആരോഗ്യ കേരളം നമ്പര്‍ വണ്‍ എന്ന് മന്ത്രിസഭയിലും പുറത്തും മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്‌ഘോഷിക്കുമ്പോഴും സ്വന്തം ചികില്‍സയുടെ കാര്യം വരുമ്പോള്‍ സ്വകാര്യ ആശുപത്രികളിലേക്ക് മന്ത്രിമാരും അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രിയും പറക്കും.

മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ രണ്ട് തവണത്തെ ചികില്‍സക്ക് 72 ലക്ഷവും തദ്ദേശ മന്ത്രി എം.ബി രാജേഷിന്റേയും ഭാര്യയുടേയും കൊച്ചിയിലെ ലിസി ഹോസ്പിറ്റലിലെ ചികില്‍സക്ക് 2.45 ലക്ഷവും അനുവദിച്ചത് മലയാളം മീഡിയ പുറത്ത് കൊണ്ട് വന്നിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments