കോഴിക്കോട് മങ്ങാട് എച്ച്.പി.സി.എല്‍ പമ്പില്‍ രാത്രി രണ്ടുമണിക്ക് മൂന്നംഗ സംഘത്തിന്റെ ആക്രമണവും കവര്‍ച്ചയും. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പതിനായിരത്തിലധികം മോഷ്ടാക്കള്‍ കവര്‍ന്നുകൊണ്ടുപോയി.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഈ സമയം രണ്ട് ജീവനക്കാര്‍ മാത്രമാണ് പമ്പില്‍ ഉണ്ടായിരുന്നത്. പമ്പില്‍ എത്തിയ മോഷണസംഘം ജീവനക്കാരെ വളഞ്ഞു. അതിനുശേഷം ഇതിലൊരാള്‍ ധരിച്ചിരുന്ന മുണ്ട് അഴിച്ചെടുത്ത് ഒരു ജീവനക്കാരന്റെ മുഖത്ത് മൂടുകയും ബലംപ്രയോഗിച്ച് പണം കവരുകയുമായിരുന്നു.

തലയില്‍ മുണ്ടിട്ട് മര്‍ദ്ദനം: പെട്രോള്‍ പമ്പില്‍ മൂന്നംഗസംഘത്തിന്റെ കവര്‍ച്ച; ജീവനക്കാര്‍ക്ക് പരിക്ക്

മുളകുപൊടി പ്രയോഗം നടത്തി. പണം കൈക്കലാക്കിയ മോഷണസംഘം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. ജീവനക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വന്‍ മോഷണം നടത്താന്‍ ലക്ഷ്യമിട്ടാണ് ജീവനക്കാര്‍ കുറവുണ്ടായിരുന്ന സമയത്ത് മോഷ്ടാക്കള്‍ എത്തിയതെന്നും പണം തട്ടിയെടുത്ത രീതിയില്‍ നിന്ന് മൂവര്‍ സംഘം പ്രൊഫഷണല്‍ മോഷ്ടാക്കളാണെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.