മദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലക്കലിനെതിരെ കേസ് | Lasitha Palakkal

അബ്ദുന്നാസിര്‍ മദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ യുവമോര്‍ച്ച കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി ലസിത പാലക്കലിനെതിരെ കേസെടുത്തു. പി.ഡി.പി എറണാകുളം ജില്ല പ്രസിഡന്റ് അഷ്റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ മദനിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം വെച്ച് ലസിത വിദ്വേഷ പോസ്റ്റിട്ടിരുന്നു. കേരള പൊലീസ് ആക്ട് 120 ഒ, ഐ.പി.സി 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വിദ്വേഷ പ്രചാരണം നടത്തിയതിന് ആര്‍. ശ്രീരാജ് എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ച മാധ്യമപ്രവര്‍ത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ലസിത പാലക്കലിനെതിരെ മീഡിയവണും പൊലീസില്‍ പരാതി നല്‍കിയിരുന്നു. പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകയാണ് മാപ്പ് പറയേണ്ടതെന്നും പൊതുജനം നേരില്‍ കണ്ട സത്യത്തെക്കാള്‍ വലുതല്ല മാധ്യമപ്രവര്‍ത്തകയുടെ ആരോപണമെന്നുമാണ് ലസിത പാലക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ലസിത പാലക്കല്‍

നേരത്തെ പാലത്തായി പീഡനക്കേസ് പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജന് പിന്തുണയുമായും ലസിത പാലക്കല്‍ രംഗത്തെത്തിയിരുന്നു. ഇരയായ പെണ്‍കുട്ടിയുടെ അധ്യാപകനായ പത്മരാജനെതിരെ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും കേസിലെ ഇരയായ 11 വയസ്സുകാരിയെക്കൊണ്ട് ഇദ്ദേഹത്തിനെതിരെ മൊഴി നല്‍കിച്ചതാണെന്നുമായിരുന്നു ലസിത പാലക്കല്‍ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ആരോപിച്ചത്. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രതിയായ പത്മരാജനെ പിന്തുണക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

സിനിമ താരം തരികിട സാബു തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പാനൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയും ഇവര്‍ ശ്രദ്ധ നേടിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments