കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രം അശ്ലീല ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവിനെതിരെ കേസെടുത്ത് പോലീസ്. കാലടി കോളേജിലെ 20 വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. കാലടി കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ മുന്‍ എസ്.എഫ്.ഐ നേതാവായ രോഹിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ സീനിയറായി കോളേജില്‍ പഠിച്ച രോഹിത്ത് സൗഹൃദം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.
വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും അശ്ലീല ചുവയുള്ള കമന്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. പോലീസ് ഇയാളുടെ വീട്ടില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുകയും ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയുമാണ്. ഇയാള്‍ക്ക് ജാമ്യം കിട്ടാവുന്ന 119 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഫോട്ടോഗ്രാഫര്‍ കൂടിയായ ഇയാള്‍ കോളേജിലെ പൊതുപരിപാടികളില്‍ ചിത്രങ്ങളെടുക്കാന്‍ എത്താറുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ പിറന്നാളിന് എടുത്ത ചിത്രം സഹപാഠികള്‍ വാട്ട്സാപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. ഈ ചിത്രം പിന്നീട് സോഷ്യല്‍ മീഡിയയിലെ അശ്ലീല ഗ്രൂപ്പുകളില്‍ കണ്ടുവെന്ന് മറ്റ് ചിലരില്‍ നിന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് 20ഓളം വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ ഇതുപോലെ വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ കണ്ടതായി അറിയുന്നത്. കോളേജിന് സമീപത്തെ നാട്ടുകാരന് കൂടിയാണ് രോഹിത്ത്.