മന്ത്രിയുടെ അപേക്ഷ പരിഗണിച്ചത് അഞ്ച് മാസത്തിന് ശേഷം;
മന്ത്രിക്കും രക്ഷയില്ലാതെ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ ചികില്‍സക്ക് 1,32,407 രൂപ അനുവദിച്ചു. തിരുവനന്തപുരം ജ്യോതിദേവ്‌സ് ഡയബറ്റിസ് ആന്റ് റിസര്‍ച്ച് സെന്ററിലെ ചികില്‍സക്ക് ചെലവായ തുകയാണ് ശിവന്‍കുട്ടിക്ക് അനുവദിച്ചത്.

2023 ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 26 വരെയായിരുന്നു ചികില്‍സ. ചികില്‍സക്ക് ചെലവായ തുക ലഭിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 2 ന് ശിവന്‍കുട്ടി പൊതുഭരണവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ശിവന്‍കുട്ടിയുടെ ചികില്‍സ ചെലവും സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങി.

ഉച്ച ഭക്ഷണ പദ്ധതിക്ക് ധനവകുപ്പ് പണം അനുവദിക്കാത്തത് ശിവന്‍കുട്ടിയെ പ്രകോപിപ്പിച്ചിരുന്നു. ചികില്‍സക്ക് ചെലവായ തുക പോലും അനുവദിക്കാത്തത് ശിവന്‍കുട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ശിവന്‍കുട്ടിക്ക് പണം നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം എത്തി. ഈമാസം 30ന് പൊതുഭരണ അക്കൗണ്ട്‌സ് വകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി.

അപേക്ഷിച്ചിട്ട് 5 മാസം കഴിഞ്ഞാണ് ശിവന്‍കുട്ടിയുടെ ചികില്‍സ ചെലവ് പോലും കിട്ടിയത് എന്നത് സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷതയാണ് കാണിക്കുന്നത്. മന്ത്രിക്ക് ചികില്‍സ ചെലവ് കിട്ടാന്‍ 5 മാസം കാത്തിരിക്കണമെങ്കില്‍ സാധാരണക്കാരന് ചികില്‍സ സഹായം കിട്ടാന്‍ എത്ര മാസങ്ങള്‍ കാത്തിരിക്കണമെന്ന ചോദ്യമാണ് ഉയരുന്നത്.