കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയ പാര്‍വതിക്കും എതിരെ കേസ്.

തൃക്കാക്കര പോലീസ് ആണ് 153, 153 എ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. കളമശ്ശേരി സ്വദേശി യാസീന്‍ അറാഫത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതിനു റിപ്പോര്‍ട്ടര്‍ ചാനലും സുജയയും വിദ്വേഷ പ്രചാരണം നടത്തി എന്നാണ് പരാതി.

കളമശ്ശേരി സ്‌ഫോടനത്തിനു പിന്നാലെ ചാനലിലൂടെ സംഭവത്തെ ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെടുത്തി മുസ്ലിം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്നതരത്തില്‍ ഊഹാപോഹങ്ങള്‍ വച്ചു കൊണ്ട് ചേരി തിരിഞ്ഞുള്ള പ്രചരണമുണ്ടായി എന്നു പരാതിയില്‍ ആരോപിക്കുന്നു.

കളമശ്ശേരി സ്‌ഫോടനത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് നേരത്തെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, ജനം ടി.വിയിലെ അനില്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. കുമ്പളയില്‍ വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട വാക്തര്‍ക്കങ്ങളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പേരില്‍ അനില്‍ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്.