ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്സിന്റെ 538 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 17 ഫ്ലാറ്റുകളും ബംഗ്ലാവുകളും വാണിജ്യ കെട്ടിടങ്ങളും ഉള്‍പ്പെടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
കമ്പനിയുടെയും ജീവനക്കാരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു. ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍, ഭാര്യ അനിതാ ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
നരേഷ് ഗോയലിന്റെ കുടുംബാംഗങ്ങളുടെ പേരില്‍ ലണ്ടന്‍, ദുബയ്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കാനറ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ നരേഷ് ഗോയലിനെ സപ്തംബര്‍ ഒന്നിന് ഇഡി അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ഗോയലിനെയും ഭാര്യയെയും മറ്റുള്ളവരെയും ഉള്‍പ്പെടുത്തി ഇഡി ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചു. എസ്ബിഐ, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും ലഭിച്ച വായ്പകള്‍ വകമാറ്റി ചിലവഴിച്ചാണ് തട്ടിപ്പ് നടത്തിയത്. ജെറ്റ്‌ലൈറ്റ് ലിമിറ്റഡിന് അനുവദിച്ച ലോണുകള്‍, ഊതിപ്പെരുപ്പിച്ച ജനറല്‍ സെയില്‍സ് ഏജന്റ് കമ്മീഷനുകള്‍, വിവിധ പ്രൊഫഷണലുകള്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും നല്‍കിയ പേയ്മെന്റുകള്‍, എന്നിവയുടെ പേരില്‍ ഫണ്ടുകളില്‍ വന്‍ ക്രമക്കേടുകളാണ് നരേഷ് ഗോയല്‍ നടപ്പാക്കിയതെന്ന് ഇഡി കണ്ടെത്തി.
ബാലന്‍സ് ഷീറ്റുകളില്‍ വ്യവസ്ഥകള്‍ ഉണ്ടാക്കി വായ്പകള്‍ എഴുതിത്തള്ളുക. നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എയര്‍വേസ് എല്‍എല്‍സി ദുബായ്, ജിഐഎല്‍ എന്നിവയുടെ പ്രവര്‍ത്തന ചിലവുകള്‍ക്കായി ജിഎസ്എ കമ്മീഷനുകള്‍ തെറ്റായി നല്‍കിയതായും ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.