തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകര വിരുദ്ധ സംഘത്തിന്റെ തലവനായിരുന്ന ഐ.ജി പി. വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഐജി വിജയനെ സസ്‌പെന്‍ഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എജിഡിപി എം.ആര്‍.അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേയ് 18നു വിജയനെ സസ്‌പെന്‍ഡ് ചെയ്തത്.

വിശദീകരണം പോലും ചോദിക്കാതെയുള്ള ഈ സസ്‌പെന്‍ഷന്‍ പൊലീസ് തലപ്പത്തു കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സസ്‌പെന്‍ഷന് പിന്നാലെ അതിന് അടിസ്ഥാനമാക്കിയ കാരണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിജയന്‍ സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി വിജയനെ തിരിച്ചെടുക്കണമെന്നും വകുപ്പ് തല നടപടി തുടരാമെന്നും രണ്ട് പ്രാവശ്യം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മുഖ്യമന്ത്രി അനങ്ങിയിട്ടില്ല.

കളമശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ അറസ്റ്റ് ചെയ്‌തെങ്കിലും പല ചോദ്യങ്ങള്‍ക്കും പോലിസിന് ഉത്തരം കിട്ടിയിട്ടില്ല. പ്രതിയെ ചുറ്റിപറ്റി നിരവധി സംശയങ്ങളാണ് ഉയരുന്നത്. ഒരു മാസം മുന്‍പാണ് പ്രതി വിദേശത്ത് നിന്ന് മടങ്ങുന്നത്. ഐ.ഇ.ഡി നിര്‍മ്മിക്കാനുള്ള സഹായം മറ്റാരുടെയെങ്കിലും കയ്യില്‍ നിന്ന് പ്രതിക്ക് കിട്ടിയിട്ടുണ്ടോ എന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്.

കണ്‍വന്‍ഷന്‍ ഹാളില്‍ നിന്ന് തിടുക്കപ്പെട്ട് പുറത്തുപോയ നീല കാര്‍ ഡൊമിനിക്കിന്റെ സഹായികളുടേതാണോ എന്ന സംശയവും ഉയരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റാണ് നീല കാര്‍ ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ആരെയും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും പ്രതിഷേധം ഉയര്‍ത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നുമുള്ള ഡൊമിനിക്കിന്റെ മൊഴി പോലിസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

ഡൊമിനിക്കിന്റെ പിന്നില്‍ ആര് എന്ന ചോദ്യം അവശേഷിക്കുന്നു. പ്രതിയുടെ അറസ്റ്റ് ആശ്വാസമായെങ്കിലും നിരവധി ആശങ്കകള്‍ ഉയരുന്നു. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം ഇന്ന് വിളിച്ചിട്ടുണ്ട്. പൊതു സമൂഹത്തില്‍ മതിപ്പില്ലാത്ത ഉദ്യോഗസ്ഥനായ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അജിത്കുമാറാണ് കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

സ്വപ്ന സുരേഷിന്റെ അടുത്ത് ഇടനിലക്കാരനായി ഷാജ് കിരണിനെ അയച്ചത് എ.ഡി.ജി.പി അജിത് കുമാര്‍ ആണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതേ സമയം മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനാണ് വിജയന്‍ . വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കളമശേരി സ്‌ഫോടന കേസ് വിജയനെ ഏല്‍പിക്കണമെന്ന ആവശ്യം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.