ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഷമി; ഇന്ത്യക്ക് 100 റണ്‍സ് ജയം; ലോക ചാമ്പ്യന്‍മാര്‍ പുറത്തേക്ക് #INDvsENG

ലഖ്‌നൗ: ലോക ചാമ്പ്യൻമാരെ എറിഞ്ഞുവീഴ്ത്തി ഇന്ത്യൻ വിജയം. ഇന്ത്യയോട് വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നു.

100 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. 230 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇംഗ്ലണ്ടിന് ഇന്ത്യന്‍ ബോളിങ്ങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 34.5 ഓവറില്‍ 129ന് ഓള്‍ ഔട്ടായി.

ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ജയമാണിത്. ഇതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികള്‍ ബാക്കിനില്‍ക്കേ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് മത്സരങ്ങളില്‍ ഒന്ന് ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും.

230 ന് ഇന്ത്യയെ എറിഞ്ഞ് ഒതുക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. എന്നാല്‍ തുടക്കം തന്നെ പിഴച്ചു. അഞ്ചാം ഓവറിലാണ് ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തുന്നത്. ഡേവിഡ് മാലനെ (16) ബുമ്ര ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ജോ റൂയും (0) ബുമ്രയ്ക്ക് മുന്നില്‍ വീണു. എട്ടാം ഓവറില്‍ ബെന്‍ സ്റ്റോക്സിനെ (0) ഷമി ബൗള്‍ഡാക്കി. പിന്നാലെ ഷമിയുടെ ബോളില്‍ ജോണി ബെയര്‍സ്റ്റോയും (14) കൂടാരം കയറി. പിന്നീട് വന്ന ആര്‍ക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല.

ലിയാം ലിവിങ്സ്റ്റന്‍ (27) മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ജോസ് ബട്ലര്‍ (10), മൊയീന്‍ അലി (15), ക്രിസ് വോക്സ് (10), ആദില്‍ റഷീദ് (13), മാര്‍ക് വുഡ്( 0) എന്നിവര്‍ പുറത്തായി. 16 റണ്‍സുമായി ഡേവിഡ് വില്ലി പുറത്താകാതെ നിന്നു.

4 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും 3 വിക്കറ്റ് നേടിയ ബുമ്രയുമായി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments