മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് വാങ്ങിയ മാസപ്പടിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. എക്‌സാലോജിക് സി.എം.ആര്‍.എല്ലില്‍ നിന്ന് വാങ്ങിയ 1.72 കോടി രൂപയ്ക്ക് ജി.എസ്.ടി അടച്ചതായി ധനവകുപ്പ് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതി നല്‍കിയെന്ന ധനമന്ത്രിയുടെ കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ പല മാധ്യമങ്ങള്‍ക്കും കത്തിന്റെ പകര്‍പ്പ് ലഭിച്ചു. ആരോപണവിധേയമായ 1.72 കോടി രൂപയ്ക്കാണ് നികുതി അടച്ചതെന്ന് കത്തില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പറയുന്ന കാര്യങ്ങള്‍ തല്‍സമയം പരിശോധിക്കണമെന്ന് താല്‍പര്യമുള്ളവര്‍ക്കായി അതുമായി ബന്ധപ്പെട്ട രേഖകളും കുഴല്‍നാടന്‍ മുന്‍കൂട്ടി പുറത്തുവിട്ടിരുന്നു.

വീണാ വിജയന്റെ ജി.എസ്.ടി റജിസ്‌ട്രേഷന്‍ രേഖകളും മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തിനായി കൊണ്ടുവന്നിരുന്നു. ‘വീണാ വിജയന്‍ 2018 ജനുവരി ഒന്നിനാണ് ജി.എസ്.ടി രജിസ്‌ട്രേഷനെടുത്തിരിക്കുന്നത്. എന്നാല്‍ 2017 ജനുവരി ഒന്നു മുതല്‍ വീണ പണം കൈപ്പറ്റിയിട്ടുണ്ട്. ഈ പണത്തിന് ജി.എസ്.ടി രജിസ്‌ട്രേഷനില്ലാതെ നികുതി അടയ്ക്കാന്‍ പറ്റുമോ? അതിന്റെ ജി.എസ്.ടി എങ്ങനെ ഒടുക്കും? വീണാ വിജയന് മാത്രമായി ജി.എസ്.ടി എടുക്കുന്നതിനു മുന്‍പ് നികുതി അടയ്ക്കാന്‍ സംവിധാനമുണ്ടായിരുന്നോ എന്ന് ധനമന്ത്രി വ്യക്തമാക്കണം.’ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

‘വീണ ആകെ കൈപ്പറ്റിയത് 2.80 കോടി രൂപയാണ്. അതില്‍ 2.20 കോടി രൂപയ്ക്ക് നികുതി അടച്ചു. 60 ലക്ഷത്തിന് നികുതി അടച്ചിട്ടില്ല. സര്‍ക്കാര്‍ സംവിധാനം ഈ വന്‍ കൊള്ളയെ ന്യായീകരിക്കുന്നത് എന്തിന്? എക്‌സാലോജിക് 2017ല്‍ തന്നെ ജി.എസ്.ടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്നുവരെ സേവന നികുതി അടച്ചുവന്നതിനാല്‍ അത് ജി.എസ്.ടിയായി മാറ്റപ്പെട്ടതിനാലാണ് ഇങ്ങനെ കാണുന്നത്.

അച്ഛന് പ്രത്യേക ഏക്ഷന്‍ കാണിക്കാനുള്ള വൈഭവം ഉള്ളതുപോലെ വീണാ വിജയനു മാത്രമായി പ്രത്യേക രീതിയില്‍ ജിഎസ്ടി അടയ്ക്കാന്‍ കഴിയുമോ എന്ന് ധനമന്ത്രി വ്യക്തമാക്കണം. മൂന്നു കോടിയോളം രൂപ വീണ കൈപ്പറ്റിയെന്ന ആരോപണത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. പിണറായി വിജയന്റെ കുടുംബത്തിന്റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നത്.’ കുഴല്‍നാടന്‍ ആരോപിച്ചു.

ധനവകുപ്പിന്റെ മറുപടി കത്തല്ല, ക്യാപ്‌സ്യൂളാണെന്ന് മാത്യു കുഴല്‍നാടന്‍ പരിഹസിച്ചു. പിണറായി വിജയന്റെ കുടുംബം കൊള്ള നടത്തുമ്പോള്‍ അതിനു കവചം തീര്‍ക്കാനുള്ള ക്യാപ്സ്യൂളാണിത്. ഈ വിഷയം വഴിതിരിച്ചു വിടാനാണ് ധനമന്ത്രി ശ്രമിച്ചത്. കേരളത്തെ തെറ്റിദ്ധരിപ്പിച്ച ധനമന്ത്രിയാണോ അതോ മാത്യു കുഴല്‍നാടനാണോ മാപ്പ് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

മാസപ്പടി വിഷയത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍നിന്ന് ഒളിച്ചോടില്ലെന്ന് കുഴല്‍നാടന്‍ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു.